സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നവീന പോർട്ടൽ ഉത്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഓൺലൈനായി സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏകോപനം ചെയ്യാനുമാണ് പോർട്ടലുകൾ. സംസ്ഥാന, കേന്ദ്ര ഏജൻസികളെ ഏകോപിപ്പിച്ച് സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ഈ പോർട്ടലുകൾ സഹായകമാകും.
ഓൺലൈൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള പുതിയ സംവിധാനവും ഇതോടൊപ്പം ആഭ്യന്തരമന്ത്രി ഉത്ഘാടനം ചെയ്തിട്ടുണ്ട്. http://www.cybercrime.gov.in എന്ന വെബ്സൈറ്റിൽ ഇനിമുതൽ എല്ലാവർക്കും നേരിട്ട് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം.
സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയെ ബാധിയ്ക്കുന്ന വിവരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക വിഭാഗവും ഈ വെബ് പോർട്ടലിലുണ്ട്. ബലാത്സംഗം, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, ഇന്റർനെറ്റിൽ ഇത്തരം ചിത്രങ്ങളോ ചലച്ചിത്രങ്ങളോ പ്രദർശിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഇനി അതിനായുള്ള പ്രത്യേക വിഭാഗം അന്വേഷണമാരംഭിച്ച് സത്വര നടപടികൾ കൈക്കൊള്ളും. സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്താതെ ഇത്തരം കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുണ്ട്.
ഇതിനൊപ്പം മൊബൈൽ, സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ, ബാങ്ക് തട്ടിപ്പ്, ക്രിപ്റ്റോ കറൻസി തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും ഈ പോർട്ടലിൽ പരാതിനൽകാം. നേരിട്ട് പരാതികൾ സമർപ്പിക്കണമെങ്കിൽ ഓരോ സംസ്ഥാനത്തേയും നോഡൽ സൈബർ സെൽ ഓഫീസറുടേയും നടപടിയുണ്ടെങ്കിൽ പരാതിനൽകേണ്ട ഓഫീസറുടേയും വിവരങ്ങളും വെബ്സൈറ്റിലുണ്ട്.
Discussion about this post