തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ വിൽസണെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് പൊലീസ്. ഏഴ് ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
വിൽസണെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേരെക്കൂടി ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ തിരുവനന്തപുരം സ്വദേശികളാണ്. എന്നാൽ മുഖ്യപ്രതികളായ ഷമീമിനെയും തൗഫീഖിനെയും ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല. തൗഫീഖുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് കഴിഞ്ഞ ദിവസം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ടു പേരെയും തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ അന്വേഷണം എൻ ഐ എ ഏറ്റെടുക്കാനാണ് സാദ്ധ്യത.
തിങ്കളാഴ്ച രാത്രിയായിരുന്നു കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ വിൽസൺ അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
Discussion about this post