കൊൽക്കത്ത: കൊൽക്കത്ത പോർട്ട് ട്രസ്റ്റിന് ശ്യാമപ്രസാദ് മുഖർജിയുടെ പേര് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ വ്യാവസായിക സ്വയം പര്യാപ്തതയുടെ പ്രതീകമാണ് കൊൽക്കത്ത പോർട്ട് ട്രസ്റ്റെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ 150ആം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ പുതിയ ഇന്ത്യയുടെ നിർമ്മിതിയിൽ ഭാഗഭാക്കാകാൻ പോർട്ട് ട്രസ്റ്റിനെ തീർച്ചയായും പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വ്യവസായവത്കരണത്തിന്റെ ആസൂത്രകനായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ നാമധേയം പോർട്ട് ട്രസ്റ്റിന് എന്തു കൊണ്ടും അനുയോജ്യമാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
വ്യവസായ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ 79 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മുൻ നിരയിലെത്താൻ ഇന്ത്യക്ക് സാധിച്ചത് ഓർമ്മപ്പെടുത്തിയ പ്രധാനമന്ത്രി കഴിഞ്ഞ അഞ്ച് വർഷത്തെ ഈ മേഖലയിലെ ഇന്ത്യയുടെ പുരോഗതി വിശദീകരിച്ചു. തുറമുഖങ്ങളിൽ ചരക്കുകളുടെ പരിശോധനയും ഗതാഗതവും ത്വരിതപ്പെടുത്താൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാൾ സർക്കാർ ശ്രമിക്കുകയാണെങ്കിൽ ആയുഷ്മാൻ ഭാരതിന്റെയും പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധിയുടെയും ഗുണഫലങ്ങൾ ബംഗാളിലെ ജനങ്ങൾക്കും ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post