ആധുനിക ഭാരതത്തിന്റെ സാംസ്കാരിക വീര്യത്തിന്റെ പ്രതീകമായ സോമനാഥ് ക്ഷേത്ര പരിസരത്ത് ആയിരം വർഷത്തെ ചരിത്രം പുനർജനിക്കുന്നു. എ.ഡി 1026-ൽ മഹ്മൂദ് ഗസ്നി ക്ഷേത്രം ആക്രമിച്ച് ആയിരം വർഷം തികയുന്ന വേളയിൽ സംഘടിപ്പിച്ച ‘സോമനാഥ് സ്വാഭിമാൻ പർവ്’ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുചേർന്നു. വൈദേശിക അധിനിവേശങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാത്ത ഭാരതീയതയുടെ വിജയമായാണ് ഈ പരിപാടി ആഘോഷിക്കപ്പെടുന്നത്.
ശനിയാഴ്ച രാത്രി സോമനാഥ് ആകാശത്ത് നടന്ന മെഗാ ഡ്രോൺ ഷോ ഭാരതത്തിന്റെ ചരിത്രവും വിശ്വാസവും ഒത്തുചേരുന്ന കാഴ്ചകളാണ് സമ്മാനിച്ചത്. 3,000 ഡ്രോണുകൾ ചേർന്ന് ആകാശത്ത് വിസ്മയകരമായ രൂപങ്ങൾ സൃഷ്ടിച്ചു. ഭഗവാൻ ശിവന്റെ കൂറ്റൻ രൂപം, ശിവലിംഗം, സോമനാഥ് ക്ഷേത്രത്തിന്റെ ത്രിമാന (3D) ദൃശ്യം എന്നിവ ആകാശത്ത് ഡ്രോണുകൾ ഉപയോഗിച്ച് പുനർനിർമ്മിച്ചു. ക്ഷേത്രം സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ കഥകൾ ഡ്രോണുകളുടെ സഹായത്തോടെ ആകാശത്ത് ദൃശ്യവൽക്കരിച്ചു.
ക്ഷേത്രത്തിൽ നടന്ന 72 മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡ ഓംകാർ മന്ത്രജപത്തിൽ പ്രധാനമന്ത്രി പങ്കുചേർന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ് സംഘവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 1951-ൽ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ക്ഷേത്രം പുനർനിർമ്മിച്ചതിന്റെ 75-ാം വാർഷികം കൂടിയാണ് 2026-ൽ രാജ്യം ആഘോഷിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ 9:45-ന് ‘ശൗര്യ യാത്ര’ സംഘടിപ്പിക്കും. വിദേശ ആക്രമണകാരികളിൽ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാൻ പോരാടി വീരമൃത്യു വരിച്ചവരുടെ സ്മരണാർത്ഥമാണിത്. 108 കുതിരകൾ അണിനിരക്കുന്ന ഈ പ്രദക്ഷിണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തുകയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ഭാരതത്തിന്റെ ആത്മീയ പാരമ്പര്യം ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വിളിച്ചോതുന്ന വേദിയായി സോമനാഥ് മാറി. ഓരോ തവണ തകർക്കപ്പെടുമ്പോഴും കൂടുതൽ ശോഭയോടെ ഉയിർത്തെഴുന്നേറ്റ ഈ പുണ്യഭൂമി ഭാരതീയരുടെ ആത്മവീര്യത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.













Discussion about this post