ജബല്പുർ: മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന അവസാന പാക് അഭയാർത്ഥിക്കും ഇന്ത്യൻ പൗരത്വം നൽകാതെ തങ്ങൾക്ക് വിശ്രമമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
‘കോൺഗ്രസ്സുകാരെ, നിങ്ങൾ കേട്ടു കൊള്ളുക. പൗരത്വ ഭേദഗതി നിയമത്തെ ആകാവുന്നത്ര നിങ്ങൾ എതിർക്കുക. സർക്കാർ അതിന്റെ നയവുമായി അണുവിട പിന്മാറാതെ മുന്നോട്ട് പോകുക തന്നെ ചെയ്യും‘. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് മദ്ധ്യപ്രദേശിലെ ജബല്പുരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാകിസ്ഥാനിലെ ഹിന്ദു, സിഖ്, ബൗദ്ധ, കൃസ്ത്യൻ അഭയാർത്ഥികൾക്കും ഇന്ത്യയിൽ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് മാസത്തിനുള്ളിൽ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും വ്യക്തമാക്കിയ അമിത് ഷാ, പൗരത്വ ഭേദഗതി നിയമത്തിൽ എങ്ങനെയാണ് ഇന്ത്യൻ പൗരന്മാർക്ക് പൗരത്വം നഷ്ടമാകുന്നതെന്ന് തെളിയിക്കാൻ രാഹുൽ ഗാന്ധിയെയും മമത ബാനർജിയെയും വെല്ലുവിളിച്ചു.
രാഷ്ട്രം വിഭജിക്കപ്പെട്ട സമയത്ത് മതാടിസ്ഥാനത്തിൽ ഇന്ത്യയെ വെട്ടി മുറിച്ചവരാണ് കോൺഗ്രസ്സുകാർ. പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അന്നേ പൗരത്വം വാഗ്ദാനം ചെയ്യപ്പെട്ടതായിരുന്നു. കിഴക്കൻ പാകിസ്ഥാനിലെയും പടിഞ്ഞാറൻ പാകിസ്ഥാനിലെയും ഹിന്ദുക്കളും സിഖുകാരും പാഴ്സികളും ജൈനരും ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ചവരായിരുന്നു. അവർക്ക് അന്ന് അതിന് കഴിയാതെ പോയത് ആക്രമണം നിമിത്തമായിരുന്നു. അവർ എന്ന് മടങ്ങി വന്നാലും അവരെ സ്വീകരിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. അമിത് ഷാ വ്യക്തമാക്കി.
Discussion about this post