ബഹുഭാര്യാത്വം ആചാരസംരക്ഷണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കുന്ന ഏഴംഗബെഞ്ചിന്റെ പരിഗണനയിലുണ്ടോ എന്ന ചോദ്യവുമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരാഞ്ഞു. പള്ളികളിലെ സ്ത്രീ പ്രവേശനം, സ്ത്രീകളിലെ നിര്‍ബന്ധിത ചേലാകര്‍മ്മം, ആചാരങ്ങള്‍ ഭരണഘടനപരമാവാണോ തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുന്ന വിശാല ബഞ്ചിനോടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ചോദ്യം.
എന്നാല്‍ നവംബര്‍ 14ന്റെ വിധിയില്‍ ഉള്‍പ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് ബെഞ്ച് പരിഗണിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. അഞ്ചംഗ ബഞ്ച് മുന്നോട്ട് വച്ച് ചോദ്യങ്ങളില്‍ ബഹുഭാരത്വം ഇല്ല. എന്നാല്‍ ഇതും പരിഗണിക്കണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ ഉയര്‍ന്നിരുന്നു.
മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒന്‍പത് അംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കി. ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം എന്നീ വിഷയങ്ങളും കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വ്യക്തമാക്കി.
ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഈ ബെഞ്ച് പരിഗണിക്കില്ല. അതേസമയം മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഉത്തരം കണ്ടെത്തുന്നതോടെ ശബരിമല കേസിലും വ്യക്തത വരുമെന്ന് കോടതി സൂചിപ്പിച്ചു.
കേസില്‍ ഹാജരാവുന്ന എല്ലാ അഭിഭാഷകരെയും വിളിച്ചുകൂട്ടി സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വിഷയങ്ങളില്‍ വ്യക്തത വരുത്തും. വാദങ്ങളില്‍ ആവര്‍ത്തനം ഒഴിവാക്കാന്‍ അഭിഭാഷകര്‍ തമ്മില്‍ ആശയവിനിയമം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഏതൊക്കെ വിഷയങ്ങള്‍ ആരെല്ലാം വാദിക്കണം എ്ന്നതു സംബന്ധിച്ച് ധാരണയുണ്ടാക്കണം.
ജനുവരി 17നാണ് സെക്രട്ടറി ജനറല്‍ അഭിഭാഷകരുടെ യോഗം വിളിച്ചു ചേര്‍ക്കുക. വിഷയങ്ങള്‍ പുനക്രമീകരിക്കുക, സമയബന്ധിതമായ വാദം, ആരെല്ലാം ഏതെല്ലാം വിഷങ്ങള്‍ വാദിക്കണം എന്നിവയാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. പരിഗണിക്കേണ്ട വിഷയങ്ങളില്‍ വ്യക്തത വരുത്താനായി കോടതി അഭിഭാഷകര്‍ക്ക് മൂന്നാഴ്ച സമയം നല്‍കി.അയോധ്യാ കേസിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Discussion about this post