തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്എഫ്ഐ നേതാവിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണകമ്മിറ്റി. തുടർന്ന് തിരിച്ചെടുക്കാനും കോളജ് കൗണ്‍സില്‍ തീരുമാനമായി. സസ്പെന്‍ഷനിലായ രണ്ടാംവര്‍ഷ ബിഎ ഫിലോസഫി വിദ്യാര്‍ഥിയായ എ.എല്‍. ചന്തുവിനാണ് അന്വേഷണകമ്മിറ്റി ക്ലീന്‍ചിറ്റ് നല്‍കിയത്. വിദ്യാർഥി നേതാവ് അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ 19ന് ആണ് ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ.എസ്. ബാബുവിനെ എസ്എഫ്ഐ നേതാവ് എ.എല്‍. ചന്തു ഭീഷണിപ്പെടുത്തിയത്. വിരമിക്കാന്‍ മൂന്നുമാസം മാത്രമുള്ള തന്നെ കോളജിനകത്തും പുറത്തുമിട്ടു തല്ലുമെന്നായിരുന്നു ഭീഷണി. വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പലിനു പരാതി നല്‍കിയതിന് ഞങ്ങള്‍ കൈകാര്യം ചെയ്തിരിക്കുമെന്നും നേതാവ് മുഷ്ടി ചുരുട്ടി ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നവംബര്‍ 18ന് ക്യാംപസില്‍ നടന്ന സമരത്തില്‍ പങ്കെടുക്കാതെ വിദ്യാര്‍ഥികള്‍ പുറത്തുപോകുന്നത് തടയാന്‍ എസ്എഫ്ഐക്കാര്‍ കോളജ് ഗേറ്റ് അടച്ചിട്ടിരുന്നു. ഈ സംഭവത്തില്‍ ഡോ. ബാബു മൊഴി നല്‍കിയതാണ് എസ്എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ബാബുവിന്റെ പരാതിയില്‍ ചന്തുവിനെ സസ്പെന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ അന്വേഷണത്തിനായി ഇടതുപക്ഷ അധ്യാപക സംഘടനയുടെ ജില്ലാ പ്രസിഡന്റ് കൂടി അംഗമായ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി.
പരാതിക്കാരനായ അധ്യാപകനും സംഭവസമയത്ത് സ്റ്റാഫ് റൂമിലുണ്ടായിരുന്ന മറ്റ് അധ്യാപകരും ചന്തുവിനെതിരായി മൊഴി നല്‍കിയെങ്കിലും ചന്തു കുറ്റക്കാരനല്ലെന്നാണ് അന്വേഷണസംഘത്തിന്റ കണ്ടെത്തല്‍. കലോല്‍സവ പരിശീലനത്തിനായി കുട്ടികള്‍ക്ക് ക്ലാസ് മുറി തുറന്നുകൊടുക്കുന്നതു സംബന്ധിച്ചു ചോദിക്കാനാണ് ചന്തു സ്റ്റാഫ് റൂമില്‍ ചെന്നതാണന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post