ഒരു കാലത്ത് മലയാളം സിനിമ ലോകത്ത് നിറഞ്ഞു നിന്ന താരമായിരുന്നു ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. നിരവധി കഥാപാത്രങ്ങളെ ആണ് അദ്ദേഹം അനശ്വരമാക്കിയത്. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച ജഗതിയുടെ കഥാപാത്രങ്ങളെ ഒരിക്കലും മലയാളിമറക്കാനിടയില്ല.
ഏകദേശം 11 വർഷങ്ങൾ ആയി അദ്ദേഹം സിനിമ ലോകത്തു നിന്ന് വിട്ടു നിൽക്കാൻ തുടങ്ങിയിട്ട്. 2012 മാർച്ച് 10 ന് മലപ്പുറത്തുവച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനുശേഷമാണ് സിനിമയിൽനിന്നു വിട്ടുനിൽക്കുന്നത്. മൂന്നുവർഷം മുമ്പ് രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കഴിഞ്ഞ വർഷം മമ്മൂട്ടിനായകനായെത്തിയ സിബിഐ അഞ്ചാം ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോഴിതാ താരം ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെയാണ് സിനിമാലോകത്തേക്ക് 2025-ൽ തിരിച്ചുവരവിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ 73 -ാം പിറന്നാൾ ദിനമായ ഇന്നാണ് വല സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. അണിയറ പ്രവർത്തകരാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ജഗതിയും ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. പുതിയ വർഷം… പുതിയ തുടക്കങ്ങൾ … ചേർത്ത് നിർത്തുന്ന എല്ലാവരോടും നിസ്സീമമായ സ്‌നേഹം … ഇതിലും നല്ല ജന്മദിന സമ്മാനം ഇല്ല എന്ന കുറിപ്പോടെയാണ് താരം പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
കിടിലൻ മെക്ക് ഓവറിലാണ് താരം എത്തിയിരിക്കുന്നത്. വിൽ ചെയറിലിരിക്കുന്ന പാറിപ്പറന്ന നരച്ച മുടിയും കറുത്ത കണ്ണടയുമായി ഇരിക്കുന്ന ജഗതിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ചന്തുവിന്റെ അടുത്ത ചിത്രമാണ് ‘വല . സോംബി ഗണത്തിൽപ്പെടുന്ന ചിത്രമാണിത്.
https://www.facebook.com/share/p/18wknM2HD8/
Discussion about this post