അഭിലാഷ് കടമ്പാടന്‍
കോമിന്‍ഫോമിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയില്‍ കമ്യൂണിസ്റ്റുകള്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുന്നുണ്ട് എന്ന് എ കെ ഗോപാലന്റെ മുഖത്തു നോക്കി തന്നെ പാര്‍ലമെന്റില്‍ സ്പീക്കറോട് വിളിച്ചു പറഞ്ഞത് ബിഹാറില്‍ നിന്നുള്ള ഒരു എംപിയായിരുന്നു.
ഇന്ത്യയുടെ സുരക്ഷയെക്കാള്‍ കമ്യൂണിസ്റ്റ് ഇന്റര്‌നാഷണലിന്റെ വിജയമാണ് അവരുടെ ലക്ഷ്യമെന്നും താമസിയാതെ അവര്‍ നമ്മളെ ആക്രമിക്കുമെന്നും അന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ജനങ്ങളുടെ ഇടയില്‍ അഞ്ചാം പത്തികളായി പ്രവര്‍ത്തിക്കും എന്നുമയാള്‍ മുന്നറിയിപ്പായി പറഞ്ഞു. നമ്മുടെ സേനയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഇപ്പോള്‍ തന്നെ ഒരുക്കണം എന്നും അയാള്‍ ഓര്‍മിപ്പിച്ചു.
1952ല്‍ ജൂണ് മാസം 11ന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിലായിരുന്നു അത്. പ്രാഗിലും ജര്‍മനിയിലെ ലൈപ്‌സിഗിലും ഉള്ള കോമിന്‍ഫോം സെന്ററുകളില്‍ ഇന്ത്യയില്‍ രക്ത രൂക്ഷിത വിപ്ലവം നടത്താനുള്ള കടുത്ത പരിശീലനം ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് നല്കപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
കല്‍ക്കട്ട തിസീസിനെ തുടര്‍ന്ന് തെലങ്കാനയില്‍ കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ സ്റ്റയ്റ്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് ഈ സെന്ററുകളില്‍ നിന്നുള്ള റേഡിയോ കമ്യൂണിക്കേഷനുകളിലൂടെ ആയിരുന്നു എന്നും അയാള്‍ വിളിച്ചു പറഞ്ഞു.
ഇതൊക്കെപ്പറയാന്‍ കാരണം അയാള്‍ മുന്‍പ് സോവിയറ്റ് റെഡ് ആര്‍മിയില്‍ ക്യാപ്റ്റനായി ജോലി നോക്കിയിരുന്നൊരു ഡോക്ടറായിരുന്നു എന്നതാണ്. അതിനും മുന്നേ, 1924 മുതല്‍ അയാള്‍ സബര്മതിയിലെ ആശ്രമത്തില്‍ രണ്ടുകൊല്ലക്കാലം ഗാന്ധിയുടെയും കൃപലാനിയുടെയും നരേന്ദ്ര ദേവിന്റെയും അനുയായിയായി. 1930ല്‍ അയാള്‍ യൂറോപ്പിലേക്ക് കപ്പല്‍ കയറി. നേപ്പിള്‍സില്‍ മാക്‌സിം ഗോര്‍ക്കിയോടൊപ്പം ജീവിച്ചു കുറച്ചു നാള്‍. ജര്‍മനിലും റഷ്യയിലും നല്ല കയ്യടക്കം വന്നിരുന്നു അപ്പോഴേക്കും. വിയന്നയില്‍ നിന്നും ഡോക്ടര്‍ ബിരുദം നേടി.
അതിന്റെ പിന്നാലെയാണ് സോവിയറ്റ് റെഡ് ആര്‍മിയില്‍ ചേര്‍ന്നു 1934 വരെ പ്രവര്‍ത്തിച്ചതും. സൈബീരിയയില്‍ ദ്വിഭാഷിയായി ജോലി ചെയ്ത കാലത്ത് നിരവധി റഷ്യന്‍ ജര്‍മന്‍ ചാരന്മാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.1936ല്‍ അദ്ദേഹം തിരിച്ചെത്തി വീണ്ടും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.
ആ പ്രസംഗത്തിനൊടുവില്‍, നമ്മുടെ പ്രതിരോധ മന്ത്രാലയത്തിലടക്കം എല്ലാ ഗവര്‍ണമെന്റ് ഓഫീസുകളിലും ഇവര്‍ കയറിക്കൂടിയിട്ടുണ്ടെന്നും അദ്ദേഹം നമുക്ക് മുന്നറിയിപ്പ് തന്നു. വെറുതെ വിളിച്ചു പറഞ്ഞിട്ട് ഇറങ്ങിപ്പോരുകയല്ല അയാള്‍ ചെയ്തത്. പാര്‍ലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റിയുടെ മുന്നില്‍ തന്റെ വാദങ്ങളെ തെളിയിക്കുന്ന രേഖകള്‍ അയാള്‍ സമര്‍പ്പിച്ചു. അതിന്റെ രേഖകളൊന്നും പക്ഷെ പുറംലോകം കണ്ടില്ല.
ആ മനുഷ്യനാണ് ഡോ. സത്യനാരായന്‍ സിന്‍ഹ.
വേറൊരു വഴിക്ക് പറഞ്ഞാല്‍ നമ്മള്‍ അദ്ദേഹത്തെ അറിയും. അദ്ദേഹമാണ് നേതാജി ജീവിച്ചിരിപ്പുണ്ടെന്നും സൈബീരിയയിലെ യുറ്റ്‌സാക്കില്‍ ലോകത്തിലെ ഏറ്റവും തണുപ്പ് നിറഞ്ഞ തടവറയില്‍ സെല്‍ നം.45ല്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് തടവിലുണ്ട് എന്നും വെളിപ്പെടുത്തിയത്. NKVD ഏജന്റ് ആയിരുന്ന കോസ്ലോവിനെ ട്രോട്‌സ്‌കിയിസ്റ്റ് ആണെന്ന് ആരോപിച്ച് ഇതേ ജയിലില്‍ അടച്ചിരുന്നു. അതിനു ശേഷം 1950ല്‍ മോയ്‌ക്കോയില്‍ വെച്ച് തന്റെ ആ പഴയ പരിശീലകനെ ഡോ.സിന്‍ഹ കണ്ടു. അവിടെ നിങ്ങളുടെ ബോസുമുണ്ട് എന്നു പറഞ്ഞത് അവിശ്വസനീയതയോടെയാണ് അദ്ദേഹം കേട്ടിരുന്നത്. മഞ്ചൂരിയായിലെ ദൈരനിലേയ്ക്ക് രക്ഷപ്പെട്ട നേതാജിയെ ചൈനീസ് കമ്യൂണിസ്റ്റ് സൈന്യം പിടികൂടി സോവിയറ്റ് യൂണിയനെ ഏല്‍പ്പിച്ചു എന്നാണ് കോസ്ലോവ് അദ്ദേഹത്തോട് പറഞ്ഞത്.
ആരും പുറത്തു ജീവനോടെ വരാത്ത ആ തടവറയില്‍ സ്വതന്ത്ര ഭാരതത്തെ കാണാതെ അദ്ദേഹം പിടയുകയാണെന്ന ചിന്ത സിന്‍ഹയുടെ ഉറക്കം കളഞ്ഞു. നെഹ്‌റുവിനോട് ആദ്യമിത് പറഞ്ഞപ്പോള്‍ അത് അമേരിക്കന്‍ പ്രോപ്പഗാണ്ടയാണ് എന്നൊരൊറ്റ വാക്കില്‍ ഉത്തരം പറഞ്ഞു കളം കാലിയാക്കി അദ്ദേഹം. കോസ്‌ലാ കമ്മീഷന്‍ കേള്‍ക്കാത്ത മട്ടില്‍ ഒഴിവാക്കിയ അദ്ദേഹത്തിന്റെ ഈ വാദങ്ങളും രേഖകളുമാണ് ഇന്നും നേതാജിയുടെ ജീവിതത്തെ പറ്റിയുള്ള ചര്‍ച്ചകളെ സജീവമാക്കുന്നത്.
References:
1. Danger in Kashmir, Josef Korbel, 1955
2. Netaji Mystery, Dr. SN Sinha, 1965
3. Parliamentary debate,Loksabha June 11, 1952
4.Netajifiles, MHA India
Discussion about this post