തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് ആഡംബര ഹോട്ടലില്‍ ബന്ധുക്കളുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കിയ സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ചന്വേഷിച്ച പേരാമംഗലം സിഐ ബിജുകുമാറാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറിയത്.പ്രോസിക്യൂഷന്റെയും ചന്ദ്രബോസിന്റെ ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശാനുസരണമാണ് പേരാമംഗലം സിഐ ബിജുകുമാറാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്.
ഇന്നലെ ഉച്ചയോടെ കോടതി ഇടവേളയ്ക്ക് പിരിഞ്ഞ സമയത്തായിരുന്നു നിസാമിനെ അയ്യന്തോളിലെ സ്വകാര്യ ഹോട്ടലില്‍ പൊലീസ് എത്തിച്ചത്. നിസാമും ബന്ധുക്കളും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പോലീസ് ഒത്താശ ചെയ്തുവെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എആര്‍ ക്യാമ്പിലെ എസ്ഐ ഉള്‍പ്പെടെ 5 പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. ഹോട്ടലില്‍ നടത്തിയ തെളിവെടുപ്പില്‍ കൂടിക്കാഴ്ചയ്ക്ക് മുമ്പ് സിസിടിവി ഓഫ് ചെയ്തതായി കണ്ടെത്തി. പോലീസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇത് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, നിസാമിനെ ഹോട്ടലിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.
Discussion about this post