തനിക്ക് കൊറോണ ബാധ ആണെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്ന് ആന്ധ്രപ്രദേശിൽ ഒരാൾ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. ചിറ്റൂർ ജില്ലയിലെ 54 കാരനായ ബാലകൃഷ്ണയാണ് തനിക്ക് കൊറോണ വൈറസ് ബാധയാണെന്ന് തെറ്റിദ്ധരിച്ച് ആത്മഹത്യ ചെയ്തത്. കഫക്കെട്ടും ജലദോഷവും സംബന്ധിച്ച അണുബാധയുമായി ഡോക്ടറെ സന്ദർശിക്കാനെത്തിയ ഇയാളോട് ഡോക്ടർ മാസ്ക് ധരിക്കാൻ നിർദേശിച്ചിരുന്നു.ഇതോടെ ബാലകൃഷ്ണ, തനിക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് സ്വയം വിശ്വസിക്കുകയും, വീട്ടുകാരോടും ഗ്രാമവാസികളോടും തന്നിൽ നിന്ന് അകന്നു നിൽക്കാൻ പറയുകയും ചെയ്തു.
സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ബന്ധുക്കളും വീട്ടുകാരും ഒരുപാട് ശ്രമിച്ചിട്ടും ഇയാൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാളുടെ ശാരീരിക അസ്വസ്ഥതകൾ മാറാഞ്ഞതിനെ തുടർന്ന് ബാലകൃഷ്ണ, വീടിനു സമീപമുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു.അതേസമയം, ആന്ധ്ര പ്രദേശിൽ ഇതുവരെ കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി.
Discussion about this post