ഇടുക്കി ജില്ലയിൽ, കട്ടപ്പന മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരിയുടെ നേരെ സിഐടിയു പ്രവർത്തകരുടെ അക്രമം. സ്ഥാപനത്തിന് മുന്നിൽ വച്ച് വനിതാ മാനേജരുടെ ശരീരത്തിലൂടെ സിഐടിയു പ്രവർത്തകർ മീൻ വെള്ളമൊഴിച്ചു.ബുധനാഴ്ച കാലത്ത് ഓഫീസ് തുറക്കാൻ ശ്രമിച്ചപ്പോഴാണ് കൃത്യം നടന്നത്. രണ്ടു പേർ ചേർന്നാണ് തന്നെ ആക്രമിച്ചതെന്നും, സ്ഥാപനത്തിന്റെ പൂട്ട് തകരാറിലാക്കിയതു കാരണം, പൂട്ട് അറുത്താണ് സ്ഥാപനം തുറന്നതെന്നും അനിത മാധ്യമങ്ങളോട് പറഞ്ഞു.
കാലത്ത് ഒൻപതരയ്ക്ക് ഓഫീസ് തുറക്കാനെത്തിയ അനിതയ്ക്കു നേരെ ഓടിയടുത്ത സിഐടിയു പ്രവർത്തകർ, വലിയൊരു പാത്രത്തിൽ ഉണ്ടായിരുന്ന മീൻവെള്ളം തലയിലൂടെ ഒഴിക്കുകയായിരുന്നു. ഓഫീസിനു മുന്നിൽ പത്തിലധികം സിഐടിയു പ്രവർത്തകർ ഉണ്ടായിരുന്നെന്ന് അനിത മാധ്യമങ്ങളോട് വെളിപ്പെടുത്തി. കട്ടപ്പനയിലെ മുത്തൂറ്റ് ശാഖയ്ക്കു നേരെ അക്രമങ്ങൾ ഇപ്പോൾ സ്ഥിരമാണ്. മിക്ക ദിവസങ്ങളിലും കാലത്ത് ജീവനക്കാർ ഓഫീസ് തുറക്കാൻ നോക്കുമ്പോൾ താഴിനുള്ളിൽ ഈയം ഉരുക്കിയൊഴിച്ച നിലയിലായിരിക്കും കാണപ്പെടുക. സ്ഥാപന ഉടമയുടെയും ജീവനക്കാരുടെയും വ്യാപകമായ പരാതിയെ തുടർന്ന് കുറച്ചുദിവസം പോലീസ് ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പോലീസിനെ പിൻവലിച്ചതോടെയാണ് മാനേജർക്ക് നേരെ ആക്രമണം നടന്നത്.
Discussion about this post