തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനില്‍ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ലെന്നും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ വെടിയുണ്ടകൾക്ക് പകരം വ്യാജവെടിയുണ്ടകൾ വെച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, എസ്.എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സി.എ.ജി.യെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ എത്തിച്ചെന്ന വിശദീകരണം തെറ്റെന്നും സി.എ.ജി. വ്യക്തമാക്കി. വെടിയുണ്ടകള്‍ എവിടെപോയെന്ന കാര്യത്തില്‍ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും സി.എ.ജി. പ്രതികരിച്ചു. എല്ലാ പൊലീസ് സ്റ്റേഷനിലെയും ആയുധം പരിശോധിക്കണമെന്നും സിഎജി വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് എതിരെയും സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ട്. പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു വകുപ്പിനും വിമര്‍ശനമുണ്ട്.
പൊലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാനാണ് പണം വകമാറ്റിയത്.
പൊലീസ് സ്‌റ്റേഷനുകളിലേക്ക് കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്‌പോര്‍ട് വാഹനത്തിന്റെ വിതരണക്കാരില്‍ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോര്‍മ ഇന്‍വോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുന്‍കൂര്‍ അനുമതി വാങ്ങിയില്ല. തുറന്ന ദര്‍ഘാസ് വഴി പോലും കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. തുറന്ന ദര്‍ഘാസ് നടത്താതിരിക്കാന്‍ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകള്‍ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കാറിന്റെ വിതരണക്കാര്‍ക്ക് മുന്‍കൂറായി 33 ലക്ഷം നല്‍കി 15 ശതമാനം ആഡംബര കാറുകള്‍ വാങ്ങി. 2017ലെ ടെക്‌നിക്കല്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് കമ്പനികളില്‍ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും സിഎജി വിമര്‍ശിച്ചു.
Discussion about this post