ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ പാകിസ്ഥാന് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യുവതിയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്ക് ആണ് കോടതി റിമാന്‍ഡ് ചെയ്തത്. ബംഗളൂരുവില്‍ എഐഎംഐഎം (AIMIM) നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പരിപാടിക്കിടെ വേദിയിലെത്തിയ യുവതി മൈക്കെടുത്ത് മൂന്നു തവണ പാക് അനുകൂല മുദ്രാവാക്യമായ ‘പാകിസ്ഥാന് സിന്ദാബാദ്’ എന്ന് വിളിക്കുകയും മറ്റുള്ളവരോട് ഏറ്റുവിളിക്കാന് ആവശ്യപ്പെടുകയുമായിരുന്നു. ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് വേദിയില്‍ നില്‍ക്കുകയായിരുന്നു.
ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലെ പ്രതിഷേധ റാലിയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരിപാടിയിലെ തന്റെ പ്രസംഗം കഴിഞ്ഞ് ഒവൈസി മടങ്ങുമ്പോള്‍ ആയിരുന്നു അമൂല്യ ലിയോണ എന്ന യുവതിയുടെ വേദിയിലേക്കുള്ള അപ്രതീക്ഷിത പ്രവേശനം.
യുവതിക്കെതിരെ 124 എ (രാജ്യദ്രോഹം), 153 എ, ബി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് ബെംഗളൂരു ഡി.സി.പി ബി രമേശ് പറഞ്ഞു.
Discussion about this post