തിരുവനന്തപുരം: പോലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ഉത്തരവാദികളായ കൂടുതല്‍ പോലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ ഉത്തരവാദികളാണെന്നു പ്രാഥമിക പരിശോധനയില്‍ ബോധ്യമായ ഏതാനും പേര്‍ക്കു മൊഴിയെടുക്കാന്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി കഴിഞ്ഞു.
ഇതില്‍ ചുമതലയുള്ള കാലയളവില്‍ വെടിയുണ്ട നഷ്ടമാകാന്‍ ഇടവരുത്തിയവരെന്നു ബോധ്യമാകുന്ന പക്ഷം ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണു വിവരം. വിവിധ ജില്ലകളിലെ പോലീസിനും സായുധ സേനകള്‍ക്കും കൈമാറിയ വെടിയുണ്ടകളുടെയും കേരള പോലീസ് വാങ്ങിയ വെടിയുണ്ടകളുടെയും കണക്കു നല്കാന് ചീഫ് പോലീസ് സ്റ്റോറിനും ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെടിയുണ്ട കാണാതായ സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് നേരത്തേ പ്രതിചേര്‍ത്ത 11 പേരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തു. പോലീസ് ചീഫ് സ്റ്റോര്‍ നല്കുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ വിവിധ പോലീസ് ജില്ലകള്‍ക്ക് നല്കിയ വെടിയുണ്ടകളുടെ വിവരങ്ങളും അതാത് ജില്ലകളില്‍ നിന്നുള്ള വിവരങ്ങളും ഉപയോഗിച്ചവയുടെ കണക്കും ഉള്‍പ്പെടെ താരതമ്യം നടത്തും. വെടിയുണ്ടകളില്‍ കുറവു വന്നത് എപ്പോഴാണെന്നു കണ്ടെത്തി ആ സമയത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വെടിയുണ്ട പോയ വഴി കണ്ടെത്തുകയാണു ക്രൈംബ്രാഞ്ച് ശ്രമം.
Discussion about this post