ലണ്ടൻ: ലണ്ടനിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പോൾസ് പള്ളിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി കുറ്റസമ്മതം നടത്തി ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ സഫിയ അമീറ ഷെയ്ഖ്. പള്ളിയിൽ ഭീകരാക്രമണം നടത്താനും അത് വഴി ഇസ്ലാമിക വിശ്വാസികളല്ലാത്ത നിരവധി പേരെ കൊല്ലാൻ താൻ ആഗ്രഹിച്ചിരുന്നതായും ഇവർ സമ്മതിച്ചതായി ‘ദി സൺ‘ പത്രം റിപ്പോർട്ട് ചെയ്യുന്നു.
പള്ളിയിൽ ആക്രമണം നടത്തുന്നതിനായി ഓൺലൈനിലൂടെ ഇവർ ഒരു ബോംബ് നിർമ്മാതാവുമായി ചർച്ചകൾ നടത്തിയതിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി ഐ ഇ ഡി ബോംബുകൾ നിർമ്മിച്ച് നൽകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബോംബ് നിർമ്മാതാവയി നടിച്ച് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച രഹസ്യ പൊലീസ് ഉദ്യോഗസ്ഥൻ സമർത്ഥമായ നീക്കത്തിലൂടെ സഫിയയെ കുടുക്കുകയായിരുന്നു.
പള്ളിക്കു പുറമെ ഹോട്ടലിലും ബോംബ് ആക്രമണം നടത്തുകയും ഒപ്പം സ്വയം മരണം വരിക്കുകയും ചെയ്യുക എന്നതായിരുന്നു തന്റെ പദ്ധതിയെന്നും ഇവർ വെളിപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റിനോടുള്ള കൂറ് വെളിവാക്കുന്ന പ്രതിജ്ഞ സഫിയ നടത്തിയതായും ഭീകരരുമായി ബന്ധപ്പെട്ട രേഖകൾ ടെലഗ്രാമിൽ അവർ പങ്കുവെച്ചതായും നേരത്തെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
മുപ്പത്തിയാറുകാരിയായ സഫിയ 2007ലാണ് ഇസ്ലാം മതം സ്വീകരിക്കുന്നത്. 2015 മുതൽ ഭീകര സംഘടനയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിനോദ സഞ്ചാരിയെന്ന വ്യാജേന പള്ളിയിലെത്തി ഇവർ ചിത്രങ്ങൾ പകർത്തിയിരുന്നു.
Discussion about this post