ഡല്‍ഹി: താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും സുരക്ഷയൊരുക്കാന്‍ കുരങ്ങന്മാരുടെ സംഘവും. ആഗ്രയിലുള്ള കുരങ്ങുകള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ട്രംപിനെയും ഭാര്യയേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പരിശീലനം ലഭിച്ച അഞ്ച് ലാംഗൂര്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളെ സുരക്ഷ ഉദ്യോഗസ്ഥര്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നത്. കുരങ്ങന്മാരെ ഉപയോഗിച്ച് സ്ഥലത്തെ വാനര ശല്യം ഇല്ലാതാക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്.
ട്രംപും മെലാനിയാ ട്രംപും ഇന്ന് വൈകുന്നേരമാണ് താജ് മഹല്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നത്. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ‘നമസ്തേ ട്രംപ്’ പരിപാടിക്ക് ശേഷം സ്റ്റേഡിയത്തിന് പിന്നിലായി പുതുതായി പണി കഴിപ്പിച്ച റോഡിലൂടെയോ ഹെലികോപ്റ്ററിലോ ആകും ട്രംപ് വിമാനത്താവളത്തിലേക്ക് മടങ്ങുക.
ഇവിടെ നിന്നും എയര്‍ ഫോഴ്സ് വണ്ണില്‍ ആഗ്രയിലേക്ക് തിരിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയാകട്ടെ വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിക്കും പോകും. വൈകിട്ട് 5.15ന് ട്രംപ് ആഗ്രയില്‍ എത്തി താജ്മഹല്‍ സന്ദര്‍ശിക്കുകയെന്നാണ് വിവരം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്രംപിനെ ആഗ്രയില്‍ വച്ച് സ്വീകരിക്കുക. സന്ദര്‍ശനം അവസാനിച്ച ശേഷം ട്രംപ് തിരിച്ച് ഡല്‍ഹിയിലേക്ക് പോകും.
Discussion about this post