തമിഴ് നടൻ കമലഹാസനുമായി ബന്ധപ്പെട്ട് നടി രേഖ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. പുന്നഗൈ മന്നന് എന്ന ചിത്രത്തില്‍ തന്റെ അനുവാദമില്ലാതെയാണ് കമലഹാസന് ഒരു രംഗത്തില്‍ തന്നെ ചുംബിച്ചതെന്ന് ഒരു അഭിമുഖത്തിൽ രേഖ പറഞ്ഞിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംവിധായകനും കമലഹാസനും ഈ രംഗം പ്ലാൻ ചെയ്തെങ്കിലും അക്കാര്യം തന്നിൽ നിന്നും മറച്ചു വച്ചുവെന്നും രേഖ പറയുന്നു.
രേഖയുടെ വാക്കുകള്‍ ഇങ്ങനെ:
‘തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ. ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതേക്കുറിച്ച് സംസാരിക്കാനാകൂ. ഞങ്ങള്‍ രണ്ടുപേരും വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നും ആത്മഹത്യ ചെയ്യുന്ന രംഗമാണ്. ചാകുമ്പോൾ കണ്ണുതുറന്നുപിടിച്ചാണോ എല്ലാവരും നില്‍ക്കുന്നതെന്ന് സര് (കെ ബാലചന്ദര്‍) ചോദിച്ചു. ‘കമല്‍ ഞാന്‍ പറഞ്ഞത് നിനക്ക് ഓര്‍മയുണ്ടല്ലോ’ എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ടേക്കില്‍ എന്നെ കമല്‍ ചുംബിക്കണമെന്നാണ് അവരുടെ തീരുമാനം. അത് അങ്ങനെ തന്നെ നടന്നു. എന്റെ അച്ഛന് പ്രശ്നമുണ്ടാക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാല്‍ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സര് എന്നോടു പറഞ്ഞു. ഒരിക്കലും വൃത്തികേട് ആയി ചിത്രീകരിക്കില്ലെന്നും സ്നേഹത്തിന്റെ പ്രതിഫലനമായെ പ്രേക്ഷകരും അത് എടുക്കൂ എന്ന് അവര്‍ പറഞ്ഞു.’
‘പക്ഷേ എന്റെ മനസ്സില്‍ അച്ഛന് വഴക്കുപറയുമെന്ന ആശങ്കയായിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തരാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ അടുത്ത ലൊക്കേഷനിലേയ്ക്ക് പോയി. ഷൂട്ട് കഴിഞ്ഞു വന്നപ്പോള്‍ അമ്മയോട് ഞാന്‍ പറഞ്ഞു, അവരെന്ന പറ്റിച്ച് ഉമ്മ തന്നുവെന്ന്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം ഞാന്‍ തുറന്നുപറഞ്ഞിരുന്നു. അതുകാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം ഇത് എന്റെ അറിവു കൂടാതെ ചെയ്തതാണെന്ന് എല്ലാവരും അറിയണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു..’-രേഖ പറഞ്ഞു.
അതേസമയം രേഖയുടെ വെളിപ്പെടുത്തലുകൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 16 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലമായി ചുംബിച്ചത് അനീതിയാണെന്ന് ആരാധകർ പറയുന്നു. അനുവാദമില്ലാതെ രേഖയെ ചുംബിച്ച കമല്ഹാസന് മാപ്പ് പറയണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയാണ്.
Discussion about this post