ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി ഹൈക്കോടതി. ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി, പരിക്കേറ്റവർക്ക് ചികിത്സ മികച്ച ചികിത്സ ലഭ്യമാക്കണമെന്നും പറഞ്ഞു.
1984ലെ സിഖ് വിരുദ്ധകലാപം പോലൊന്ന് ഡൽഹിയിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡൽഹി കലാപത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വക്കേറ്റ് സുബൈദാ ബീഗത്തിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. കലാപത്തിനിരയായവരും, ഡൽഹി സർക്കാരും തമ്മിലുള്ള പ്രവർത്തനങ്ങളുടെ ഏകോപനമാണ് അമിക്കസ് ക്യൂറിയുടെ ഉത്തരവാദിത്വം.തനിക്ക് സഹായത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ വേണമെങ്കിൽ ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആവശ്യപ്പെടാനുള്ള അധികാരവും അമിക്കസ് ക്യൂറിയ്ക്കുണ്ട്.
സുരക്ഷിതത്വം എന്നത് എല്ലാവർക്കും ലഭിക്കേണ്ട ഒന്നാണ് എന്ന് പറഞ്ഞ ഹൈക്കോടതി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, ഉപമുഖ്യമന്ത്രിയും കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും കലാപത്തിലെ ഇരകൾക്ക് ആത്മവിശ്വാസം പകരണമെന്നും നിർദ്ദേശിച്ചു. ജസ്റ്റിസ് എസ് മുരളീധർ, തൽവന്ത് സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച്, കലാപത്തെപ്പറ്റി അന്വേഷണം വേണമെന്ന ഹർഷവർധന്റെ ഹർജി പരിഗണിക്കവേയാണ് ഇങ്ങനെ പരാമർശിച്ചത്.
Discussion about this post