മെൽബൺ: ട്വെന്റി20 വനിതാ ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും വരിഞ്ഞു മുറുക്കി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് വേണ്ടി ഓപ്പണർമാരായ അലീസ ഹീലിയും ബേത്ത് മൂണിയും തകർത്തടിച്ചതോടെ നിശ്ചിത 20 ഓവറിൽ സ്കോർ 4ന് 184ൽ എത്തി. മറുപടി ബാറ്റിംഗിൽ 19.1 ഓവറിൽ 99 റൺസിന് ഇന്ത്യൻ പോരാട്ടം അവസാനിച്ചു.
ഓസീസിനായി തുടക്കം മുതലേ തകർത്തടിച്ച ഹീലി 39 പന്തിൽ ഏഴു ഫോറും അഞ്ചു സിക്സും സഹിതം 75 റൺസെടുത്തു. സഹ ഓപ്പണർ ബേത് മൂണി 54 പന്തിൽ 10 ഫോറുകൾ സഹിതം 78 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ദീപ്തി ശർമ രണ്ടും പൂനം യാദവ്, രാധാ യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ മെഗ് ലാന്നിങ് (15 പന്തിൽ 16), ആഷ്‌ലി ഗാർഡ്നർ (മൂന്നു പന്തിൽ രണ്ട്), റേച്ചൽ ഹെയ്ൻസ് (അഞ്ച് പന്തിൽ നാല്) എന്നിവരാണ് ഓസീസ് ഇന്നിങ്സിൽ പുറത്തായ മറ്റുള്ളവർ. വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ അലീസ ഹീലി നൽകിയ ക്യാച്ച് ഷഫാലി വർമ കൈവിട്ടതാണ് ഇന്ത്യയ്ക്ക് വിനയായത്. തൊട്ടുപിന്നാലെ വ്യക്തിഗത സ്കോർ എട്ടിൽ നിൽക്കെ ബേഥ് മൂണി നൽകിയ ക്യാച്ച് സ്വന്തം ബോളിങ്ങിൽ രാജേശ്വരി ഗെയ്ക്‌വാദും കൈവിട്ടു.
ഓസ്ട്രേലിയയിലെ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾ കന്നി ഫൈനൽ കളിക്കുന്നതിന്റെ സമ്മർദ്ദത്തിനടിപ്പെട്ട് വിക്കറ്റ് നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. 33 റൺസെടുത്ത ദീപ്തി ശർമ്മ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. വേദ കൃഷ്ണമൂർത്തി 19ഉം റിച്ച ഘോഷ് 18ഉം റൺസ് നേടി. മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തി. ഓസ്ട്രേലിയക്ക് വേണ്ടി മെഗാൻ ഷട്ട് 4 വിക്കറ്റെടുത്തു. ജെസ് ജൊനാസെന് 3 വിക്കറ്റ് ലഭിച്ചു. ഓസ്ട്രേലിയയുടെ അഞ്ചാം കിരീട നേട്ടമാണിത്.
Discussion about this post