മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ഏതാണ്ട് ഉറപ്പ് വരുത്തി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അല്‍പസമയം മുമ്പ് ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് സിന്ധ്യ മോദിയുടെ ഓഫിസില്‍ എത്തിയത്. മറ്റ് കോണ്‍ഗ്രസ നേതാക്കാളാരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നില്ല.
ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. 17 എംഎല്‍എമാരുടെ പിന്തുണയാണ് സിന്ധ്യയ്ക്കുള്ളത്. ഇവര്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുന്ന സാഹചര്യമുണ്ട്. സിന്ധ്യ ബിജെപിയില്‍ ചേരുമെന്നും, അദ്ദേഹം മോദി മന്ത്രി സഭയില്‍ അംഗമാകുമെന്നുമാണ് സൂചന.
മധ്യപ്രദേശില്‍ മാര്‍ച്ച് 16ന് ബിജെപി നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നാണ് സൂചന. സിന്ധ്യയ്ക്ക് ബിജെപി രാജ്യസഭാ സീറ്റ് നല്‍കും. അതിന് മുന്‍പെ മന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാംഗ്ലൂരിലെത്തിയതെന്നും സൂചനകളുണ്ട്.
അതേസമയം സിന്ധ്യയുടെതുള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ സ്വിച്ച് ഓഫാണ്. 18 എംഎല്‍എമാരില്‍ 5 മന്ത്രിമാരുമുണ്ട്. ആരോഗ്യമന്ത്രി തുള്‍സി സിലാവത്, തൊഴില്‍ മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ, ഗതാഗതമന്ത്രി ഗോവിന്ദ് സിങ്, വനിതാ ശിശുക്ഷേമമന്ത്രി ഇമാര്‍ത്തി ദേവി, വിദ്യാഭ്യാസമന്ത്രി പ്രഭു ചൗധരി എന്നിവരാണ് ഒപ്പമുള്ളവര്‍. ഇവരുമായി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായി ഡികെ ശിവകുമാര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുകൂലമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.സിന്ധ്യയെ കാണാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ സാധിച്ചില്ലെന്ന് ദിഗ് വിജയ സിങ് പറഞ്ഞു. ‘ സിന്ധ്യാ ജീയെ കാണാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹത്തിന് പന്നിപ്പനിയാണെന്നാണ് പറഞ്ഞത്, അതുകൊണ്ട് സംസാരിക്കാന്‍ പറ്റിയില്ല,’ സിങ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 23 എംഎല്‍എമാരുടെ പിന്തുണ മാത്രമെ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നുള്ളു. ഇതോടെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയും സംസ്ഥാന കോണ്‍ഗ്രസില്‍ ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു.
കമല്‍നാഥും സിന്ധ്യയും തമ്മിലുടെ ഭിന്നത അടുത്തിടെ മറനീക്കി പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഗസ്റ്റ് അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് സിന്ധ്യ അടുത്തിടെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എങ്കില്‍ അങ്ങനെ ചെയ്യാന്‍ സിന്ധ്യയെ കമല്‍നാഥ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രാഷ്ട്രീയ പ്രതിസന്ധി മധ്യപ്രദേശില്‍ രൂക്ഷമായത്.
Discussion about this post