ഡൽഹി: ചൈനീസ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. പുതിയതായി 47 ഔട്ട് പോസ്റ്റുകളും 12 സ്റ്റേജിംഗ് ക്യാമ്പുകളും നിർമ്മിക്കാനുള്ള ഇന്തോ- ടിബറ്റൻ അതിർത്തി പൊലീസിന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. മേഖലയിൽ തന്ത്രപ്രധാന ആസ്ഥാനം സ്ഥാപിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കേന്ദ്രം നിർദ്ദേശം നൽകി.
നിലവിൽ ചൈനീസ് അതിർത്തി മേഖലയിൽ ഐടിബിപിക്ക് 180 ഔട്ട് പോസ്റ്റുകൾ ഉണ്ട്. താപനില നിയന്ത്രണ സംവിധാനമുള്ളവയായിരിക്കും പുതിയതായി നിർമ്മിക്കാൻ പോകുന്ന പോസ്റ്റുകൾ. അടിയന്തര ഘട്ടങ്ങളിൽ സൈനികരെ അതിവേഗം വിന്യസിക്കുന്നതിന് പുതിയ പോസ്റ്റുകളുടെ നിർമ്മാണം സഹായകമാകും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മേഖലയിലെ റോഡുകളുടെ നിർമ്മാണത്തിൽ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 277.5 കിലോമീറ്റർ ദൈർഘ്യമുള്ള 11 റോഡുകളാണ് ഇന്ത്യ നിർമ്മിച്ചത്. 1033.52 കിലോമീറ്റർ ദൈർഘ്യത്തിൽ 45 റോഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അരുണാചൽ പ്രദേശിലെ അതിർത്തി മേഖലയിൽ 18 പുതിയ പാതകൾക്ക് കൂടി കേന്ദ്രസർക്കാർ നിർമ്മാണാനുമതി നൽകി കഴിഞ്ഞു.
പുതിയ കേന്ദ്രഭരണ പ്രദേശമായ ലഡാക്, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യാ- ചൈന അതിർത്തി മേഖലയുടെ സുരക്ഷയുടെ പ്രാഥമിക ഉത്തരവാദിത്വമാണ് നിലവിൽ ഇന്തോ- ടിബറ്റൻ അതിർത്തി പൊലീസ് പരിപാലിക്കുന്നത്.
Discussion about this post