ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാകാൻ താൽപര്യമുള്ള നിരവധി കോൺഗ്രസ് എം.എ.ൽഎമാരുണ്ടെന്ന വെളിപ്പെടുത്തലുമായി ആസാം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ അടുത്ത് തന്നെ ഇവരെല്ലാം ബിജെപിയുടെ ഭാഗമാകുമെന്നും ശർമ്മ പ്രഖ്യാപിച്ചു.
കോൺഗ്രസ് എം.എൽ.എ രാജ്ദീപ് ഗോവാല ഏതുനിമിഷവും ബിജെപിയിൽ ചേരുമെന്നും, എ.ഐ.യു.ഡി.എഫുമായുള്ള കോൺഗ്രസിന്റെ സഖ്യത്തിൽ താൽപര്യമില്ലാത്ത നിരവധി എം.എൽ.എമാർ കോൺഗ്രസിലുണ്ടെന്നും അവരെല്ലാം പാർട്ടി വിടാൻ ആലോചിക്കുന്നതായും ശർമ വെളിപ്പെടുത്തി.
കോൺഗ്രസ് യുവനിരയിലെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായ ജ്യോതിരാദിത്യ സിന്ധ്യ ഈയടുത്ത് ബി.ജെ.പിയിൽ ചേർന്നത് കോൺഗ്രസിനേറ്റ കനത്ത അടിയായിരുന്നു.ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ, ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു.











