ഡൽഹി: കേന്ദ്ര സംസ്കൃത സർവ്വകലാശാലകൾക്ക് പാർലമെന്റിന്റെ അംഗീകാരം. മൂന്ന് കല്പിത സര്‍വ്വകലാശാലകള്‍ കേന്ദ്രസര്‍വ്വകലാശാലകള്‍ ആക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്. ന്യൂഡല്‍ഹിയിലെ രാഷ്ട്രീയ സംസ്‌കൃത് സംസ്ഥാന്‍,ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാഷ്ട്രീയ സംസ്‌കൃത് വിദ്യാപീഠ്, തിരുപ്പതിയിലെ രാഷ്ട്രീയ സംസ്‌കൃത് വിദ്യാപീഠ് എന്നീ സര്‍വ്വകലാശാലകള്‍ക്ക് ആണ് അംഗീകാരം.
കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. എല്ലാ ഇന്ത്യന്‍ ഭാഷകളും ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും ശബ്ദവോട്ടോടെ രാജ്യസഭ തീരുമാനം അംഗീകരിക്കുകയായിരുന്നു.
സംസ്കൃത സര്‍വ്വകലാശാലകള്‍ക്ക് അംഗീകാരം നൽകാനുള്ള സർക്കാർ തീരുമാനത്തെ ഏറ്റവും കൂടുതൽ എതിർത്തത് കേരളത്തില്‍ നിന്നുള്ള ഇടത് എം പിമാരാണ്. സിപിഎം അംഗം കെ.കെ രാഗേഷ്,സിപിഐ സഭാനേതാവ് ബിനോയ് വിശ്വം എന്നിവർ തീരുമാനത്തെ ശക്തമായി എതിർത്തു. ജനങ്ങളുടെ ഭാഷയല്ലാതായി മാറിയ സംസ്‌കൃതത്തെ ദേശീയ ഐക്യത്തിന്റെ ഭാഷയെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാജ്യത്തിന്റെ ഭാഷ എന്ന ആശയത്തിന്റെ പേരില്‍ സംസ്‌കൃതം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം ആരോപിച്ചു.
സംസ്‌കൃതം വരേണ്യവര്‍ഗ്ഗത്തിന്റെ ഭാഷയാണെന്ന് കെ കെ രാഗേഷ് ആരോപിച്ചു. സംസ്കൃതം ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഭാഗമാണെന്നും ഇത് രാജ്യത്തെ മറ്റു ജനങ്ങളുടെ ഭാഷയല്ലെന്നും രാഗേഷ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പിനെ അവഗണിച്ച് രാജ്യസഭയില്‍ ശബ്ദവോട്ടോടെ തീരുമാനത്തിന് അംഗീകാരം നൽകുകയായിരുന്നു.
Discussion about this post