ഇന്ത്യൻ സൈന്യത്തിലെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. ജമ്മുകാശ്മീരിലെ ലേയിൽ ജോലി ചെയ്യുന്ന സൈനികനാണ് രോഗം ബാധിച്ചത്. സൈനികന്റെ പേര് പുറത്തു വിട്ടിട്ടില്ല.ലേയിലെ ക്യാമ്പിൽ ജോലി ചെയ്യുന്ന സൈനികൻ കഴിഞ്ഞ ഫെബ്രുവരി 25 മുതൽ മാർച്ച് 1 വരെ ലീവിൽ പോയിരുന്നു. ഈ സമയത്ത് തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് ഇറാനിൽ തീർത്ഥാടനത്തിന് പോയി തിരികെ വന്നത്. എന്നാൽ, ഇദ്ദേഹത്തിന് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇന്ത്യ നിലവിൽ രോഗവ്യാപനത്തിന്റെ രണ്ടാമത്തെ ഘട്ടത്തിലാണെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ വൈറസിനെ തിരിച്ചറിയാൻ 72 ലാബുകൾ ഗവൺമെന്റ് അധീനതയിൽ ഉണ്ടെന്നും, 49 എണ്ണം ഈ ആഴ്ച അവസാനത്തോടെ തയ്യാറാക്കുമെന്നും ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോക്ടർ ബൽറാം ഭാർഗവ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.









