കൊച്ചി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയ ഹര്ജിക്കാരന് വന്‍ തുക പിഴ ചുമത്തി ഹൈക്കോടതി. ആലുവ സ്വദേശി ജി ജ്യോതിഷാണ് കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്ജിക്കാരന് 50,000 രൂപ പിഴ ചുമത്തി ഹൈക്കോടതി ഹര്‍ജി തളളി. ഇത്തരക്കാര്‍ കോടതിയെ പരിഹസിക്കുകയാണെന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ പ്രതികരണം.
ദിവസം 3 മുതല്‍ 4 ലക്ഷം വരെ ഇടപാടുകാര്‍ മദ്യം വാങ്ങാന്‍ ബിവറേജ് ഔട്ട് ലെറ്റില്‍ എത്തുന്നുണ്ടെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണം എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്കോയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി തള്ളിയ കോടതി ജ്യോതിഷിനോട് 50000 രൂപ പിഴയും അടയ്ക്കാനും ആവശ്യപ്പട്ടു.
രണ്ടാഴ്ചക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പിഴ അടയ്ക്കണം. അല്ലാത്തപക്ഷം പലിശ സഹിതം റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കുമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം പോലും എന്താണെന്ന് ചിലര്‍ക്കെങ്കിലും മനസ്സിലാകുന്നില്ല എന്നത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post