കൊറോണ മഹാമാരിക്കെതിരെ കാക്കിക്കുള്ളിൽ പോരാടുന്ന ഇന്ത്യയുടെ 2007 ട്വെന്റി20 ലോകകപ്പ് ഹീറോ ജോഗീന്ദർ ശർമ്മയ്ക്ക് അഭിനന്ദനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണിൽ കഴിയുമ്പോൾ നിയമപാലനം ഉറപ്പു വരുത്തുന്ന പൊലീസുകാരനായാണ് ജൊഗീന്ദർ ശർമ്മയുടെ പുതിയ സ്പെൽ. ഹരിയാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായാണ് നിലവിൽ ശർമ്മ പ്രവർത്തിക്കുന്നത്.
‘2007 ടി20 ലോകകപ്പ് ഹീറോ: റിയൽ വേൾഡ് ഹീറോ‘ എന്ന ട്വിറ്റർ വിശേഷണത്തോടെയാണ് ഐ സി സി ജോഗീന്ദർ ശർമ്മയ്ക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ലോകം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന കാലത്തും കർമ്മനിരതനായിരിക്കുന്ന ജോഗീന്ദർ ശർമ്മയുടെ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്ന് ഹരിയാന പൊലീസ് അറിയിച്ചു.
https://twitter.com/ICC/status/1243931358138896385
2007ലെ കന്നി ട്വെന്റി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യയുടെ നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് ജോഗീന്ദർ ശർമ്മ. ബദ്ധവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തിലെ അവസാന ഓവർ എറിയാൻ ക്യാപ്റ്റൻ ധോണി നിയോഗിച്ചത് മീഡിയം പേസറായിരുന്ന ശർമ്മയെ ആയിരുന്നു. ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ പന്ത് ഉയർത്തിയടിച്ച പാക് നായകൻ മിസ്ബാ ഉൾ ഹഖിനെ മലയാളി താരം ശ്രീശാന്തിന്റെ കൈയ്യിലെത്തിച്ച ജോഗീന്ദർ ശർമ്മയുടെ സ്ലോ കട്ടർ ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.
Discussion about this post