ഇസ്ലാമാബാദ്: കൊറോണ വൈറസ് വ്യാപനം തടയാൻ കഴിയാതെ വിഷമിക്കുന്ന പാകിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി രാജ്യത്ത് പുതിയ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തു. ഖൈബർ പക്തൂൺഖ്വയിലെ മൂന്ന് കുട്ടികൾക്ക് കൂടി പോളിയോ ബാധ സ്ഥിരീകരിച്ചതോടെ പാകിസ്ഥാനിൽ ഈ വർഷം രോഗം ബാധിക്കുന്നവരുടെ എണ്ണം 36 ആയി.
അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ പ്രധാനമായും ബാധിക്കുന്ന വൈറസ് രോഗമാണ് പോളിയോ. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ഭാഗികമോ പൂർണ്ണമോ ആയ തളർച്ചയ്ക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമാകുന്നു. സ്ഥിരീകരിക്കപ്പെട്ടാൽ ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമുള്ള ഈ രോഗം വാക്സിനേഷനിലൂടെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നിർമ്മാർജ്ജനം ചെയ്തിരിക്കുന്നത്.
പാകിസ്ഥാനിൽ അടുത്തയിടെ പ്രതിരോധ കുത്തിവയ്പ്പുകൾക്കെതിരെ വ്യാപകമായ പ്രചാരണങ്ങൾ ചില മത കേന്ദ്രങ്ങൾ അഴിച്ചു വിട്ടിരുന്നു. ഇതിനെ തുടർന്നാണ് 2019-20 കാലയളവിൽ രാജ്യത്ത് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന പാകിസ്ഥാനിൽ യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്കായി യാത്രാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ആഭ്യന്തര സംഘർഷങ്ങളും വൃത്തിയില്ലായ്മയും വാക്സിൻ വിരുദ്ധ പ്രചാരണങ്ങളുമാണ് രോഗവ്യാപനത്തിന് കാരണമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു.
അതേസമയം ഏറ്റവും പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1600 കവിഞ്ഞു. 17 മരണങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്തു.
Discussion about this post