ദെവാരിയ: കൊറോണ വൈറസ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉത്തർ പ്രദേശിലെ ദമ്പതികൾ. യു പിയിലെ ദെവാരിയ ജില്ലയിൽ ഖുംദൂം ഗ്രാമത്തിലെ ഒരു കുടുംബത്തിൽ പിറന്ന കുട്ടിക്കാണ് മാതാപിതാക്കൾ ‘ലോക്ക് ഡൗൺ‘ എന്ന് പേര് നൽകിയിരിക്കുന്നത്.
‘ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെയാണ് ഇവന്റെ ജനനം. കൊറോണയെന്ന മഹാവ്യാധിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ നടപ്പിലാക്കിയതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. ലോക്ക് ഡൗൺ രാജ്യതാത്പര്യം മുൻനിർത്തി ഉള്ളതാണ്. അതിനാലാണ് ഞങ്ങൾ ഇവന് ആ പേര് നൽകിയിരിക്കുന്നത്.‘ കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
കുടുംബത്തിനേക്കാൾ പ്രാധാന്യം രാജ്യത്തിന് നൽകേണ്ട കാലമാണിത്. അതു കൊണ്ട് തന്നെ ലോക്ക് ഡൗൺ കാലം കഴിയാതെ കുഞ്ഞിനെ കാണാൻ വരരുതെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷമേ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടത്തുകയുള്ളൂവെന്നും ഇവർ പറയുന്നു.
അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശിലെ ഗൊരഘ്പൂരിൽ പിറന്ന പെൺകുഞ്ഞിന് മാതാപിതാക്കൾ കൊറോണ എന്ന് പേരിട്ടിരുന്നു. ലോകത്ത് നാശം വിതയ്ക്കുന്ന രോഗമാണെങ്കിലും ജനങ്ങളെ ശുചിത്വബോധമുള്ളവരാക്കാനും ഐക്യ ബോധമുള്ളവരാക്കാനും കാരണമായതിനാലാണ് കുട്ടിക്ക് ഇങ്ങനെ പേരിട്ടതെന്നും മാതാപിതാക്കൾ പറഞ്ഞിരുന്നു.
Discussion about this post