ഡൽഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ അക്ഷീണ പ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന പൊലീസുകാർക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ഡൽഹി പൊലീസ്. രാജ്യതലസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ് മുന്നറിയിപ്പ് നൽകിയത്.
ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറാണ് ദേശീയ മാദ്ധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് നന്ദി അറിയിക്കുന്നതായും ക്രമസമാധാന പരിപാലനത്തിന്റെ പുതിയ മാതൃകയാണ് രാജ്യത്തെ പൊലീസുകാർ ഇപ്പോൾ പ്രയോഗവത്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1376 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേർക്ക് രോഗം ബാധിച്ചതായാണ് വിവരം. 35 പേർ മരിച്ചുവെങ്കിലും 124 പേർക്ക് രോഗം ഭേദമായത് ശുഭസൂചനയായി വിലയിരുത്തപ്പെടുന്നു.
കേരളത്തിലാണ് ഇപ്പോഴും ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ ഉള്ളത്. കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 234ഉം മഹാരാഷ്ട്രയിലേത് 216ഉമാണ്. രാജ്യത്ത് രോഗവ്യാപനം നിയന്ത്രിക്കാൻ തീവ്രപരിശ്രമം നടക്കുന്നതിനിടെയാണ് നിസാമുദ്ദീൻ മർക്കസിലെ മതസമ്മേളനത്തെ തുടർന്ന് രോഗവ്യാപനം വർദ്ധിച്ചതായി വിവരങ്ങൾ പുറത്തു വന്നത്. മതസമ്മേളനത്തിൽ പങ്കെടുത്ത ആറ് പേർ തിങ്കളാഴ്ച തെലങ്കാനയിൽ മരിച്ചിരുന്നു. എന്നാൽ മതസമ്മേളനത്തിൽ പങ്കെടുത്ത 93 പേർക്ക് രോഗം സ്ഥിരീകരിച്ചു എന്ന ആശങ്കാജനകമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
Discussion about this post