കൊയിലാണ്ടി: കൊറോണയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയതിന് എം എസ് എഫ് നേതാവിനെതിരെ കേസ് എടുത്തു. എം എസ് എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ത് ദിവസം മുമ്പാണ് കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചത്. സന്ദേശം തയ്യാറാക്കിയത് മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിലാണെന്ന് വ്യക്തമായതിനെ തുടർന്നാണ് കേസ് എടുത്തത്.
സന്ദേശം വാട്സാപ്പിലൂടെ പ്രചരിച്ചതോടെ നിരവധി ആളുകള്‍ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ടിലേക്ക് പണമയച്ചു. എന്നാൽ അനധികൃതമായാണ് ഇയാൾ പണപ്പിരിവ് നടത്തിയത് എന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് കേസ് എടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ ചിലവാക്കിയ പണത്തിന്റെ ഉറവിടവും രേഖകളും അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.












