ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708 ആയി.
മരണസംഖ്യ 40 ആയി ഉയർന്നതായും 13 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 130 പേർ രോഗവിമുക്തരായതായും മന്ത്രാലയം അവകാശപ്പെടുന്നു. സിന്ധിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 14 പേരാണ് ഇവിടെ മരിച്ചത്. പഞ്ചാബിലും ഖൈബർ പഖ്തൂൺഖ്വയിലും 11 പേർ വീതം മരണത്തിന് കീഴടങ്ങിയപ്പോൾ ഗിൽഗിത്ത് ബാൾട്ടിസ്ഥാനിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാനിൽ ഒരാൾ മരണപ്പെട്ടു.
രോഗബാധ ഏറ്റവും വേഗത്തിൽ പടരുന്നത് പഞ്ചാബിലാണ്. തൊട്ടു പിന്നിൽ സിന്ധും ഖൈബർ പഖ്തൂൺഖ്വയും ഗിൽഗിത്ത് ബാൾട്ടിസ്ഥാനും ബലൂചിസ്ഥാനും ഇസ്ലാമാബാദുമാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 258 കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്കയുണർത്തുന്നതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.











