പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിക്കല്‍ ആഹ്വാനത്തെ തുടര്‍ന്ന് ജനങ്ങള്‍ പടക്കം പൊട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്. സന്തോഷ പ്രകടനത്തിന്റെ ഭാഗമായി ജനങ്ങള്‍ പടക്കം പൊട്ടിച്ചതില്‍ തെറ്റില്ല എന്ന് അദ്ദേഹം പറഞ്ഞു
കൊറോണ വൈറസ് സൃഷ്ടിച്ച ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ 5 ഞായറാഴ്ച ഒന്‍പത് മണി ഒന്‍പത് മിനിറ്റ് നേരം വീടുകളില്‍ ലൈറ്റുകളെല്ലാമണച്ച് ഒരുമയുടെ ദീപം തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ചിലര്‍ റോഡിലിറങ്ങി പടക്കം പൊട്ടിക്കുകയും ദീപങ്ങള്‍ പറത്തി വിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം ആഘോഷങ്ങള്‍ അനാവശ്യമാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.
‘ലോക്ക് ഡൗണും കൊറോണ വൈറസ് ബാധയും മൂലം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. പടക്കം പൊട്ടിക്കാന്‍ ആരും അവരോട് ആവശ്യപ്പെട്ടില്ല. അതേ സമയം അവര്‍ അങ്ങനെ ചെയ്തെങ്കില്‍ തന്നെ അതിലെന്താണ് തെറ്റ്? അവരുടെ സന്തോഷത്തിന്റെ പ്രകടനമാണത്.’ ദിലീപ് ഘോഷ് പറഞ്ഞു. ‘അന്തരീക്ഷ മലിനീകരണം സംഭവിച്ചു എന്ന് പറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരോട് ഞാന്‍ ഒരു കാര്യം പറയാം. വര്‍ഷം മുഴുവന്‍ മലിനീകരണം നീണ്ടുനില്‍ക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലേ? ഈ സംഭവത്തില്‍ കൂടുതല്‍ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന.’ എന്ന് ദിലീപ് ഘോഷ് വ്യക്തമാക്കി.
Discussion about this post