ബംഗ്ലാദേശ് പ്രസിഡണ്ടായിരുന്ന ഷെയ്ഖ് മുജീബ് റഹ്മാന്റെ കൊലപാതകികളിലൊരാളായ അബ്ദുൽ മജീദ് അറസ്റ്റിൽ. കുറ്റകൃത്യം നടന്ന് 45 വർഷത്തിനു ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്.
ആർമി ക്യാപ്റ്റനായിരുന്ന അബ്ദുൾ മജീദും മറ്റു ചില പട്ടാള ഉദ്യോഗസ്ഥരും ചേർന്ന് 1975 ഓഗസ്റ്റ് 15നാണ് ബംഗ്ലാദേശ് പ്രസിഡണ്ടായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാന്റെ വീട് ആക്രമിച്ചത്. പ്രസിഡണ്ടിനെയും ഭാര്യയെയും മക്കളെയും വേലക്കാരെ ഉൾപ്പെടെ സൈനിക കൂട്ടക്കൊല ചെയ്യുകയായിരുന്നു. പട്ടാള അട്ടിമറിയുടെ ഭാഗമായി നടന്ന ഈ കൂട്ടക്കൊല ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ചു. ബംഗബന്ധു എന്ന് വിളിക്കപ്പെടുന്ന റഹ്മാനെ വധിച്ച പ്രതികളിൽ, പിടികൂടിയ 12 പേരെ ധാക്ക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇവരിൽ അഞ്ചു പേരെ തൂക്കിലേറ്റി. ബാക്കിയുള്ളവർ ജയിലിൽ കഴിയുന്നു.അഞ്ച് പേരെ ഇനിയും പിടികൂടിയിട്ടില്ല. പിടികിട്ടാപ്പുള്ളികളിൽ രണ്ടുപേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു.












