ഡൽഹി: കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏപ്രിൽ 14ന് പിൻവലിച്ചേക്കില്ലെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയ ശേഷം ശനിയാഴ്ചയോടു കൂടി വിഷയത്തിൽ അന്തിമ തീരുമാനം പറയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ വിവിധ കക്ഷി നേതാക്കളുമായി നടത്തിയ ചർച്ചയിലായുരുന്നു പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുത്തത്. ഈ വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കുമെന്നും ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശം പരിഗണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയമായല്ല തീരുമാനം വേണ്ടതെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണയായിട്ടുണ്ടെന്നും ലോക്ക്ഡൗൺ ഭാഗികമായി നീക്കണമെന്ന് ചില പാർട്ടികൾ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. രാജ്യം ഒറ്റക്കെട്ടായി നില്ക്കുന്നുവെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
നേരത്തെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച സമയത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. സാധാരണക്കാരെയും പാവപ്പെട്ടവരെയും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെയും ലോക്ക് ഡൗൺ വിഷമത്തിൽ ആക്കിയിരുന്നു. ഇത് ഒഴിവാക്കാനായി ഘട്ടം ഘട്ടമായി എങ്ങനെ ലോക്ക് ഡൗൺ പിൻവലിക്കാമെന്നാണ് വിവിധ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ചോദിച്ചിരുന്നത്.
നിലവിൽ കൊവിഡ് കേസുകൾ തീരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഇടങ്ങളിൽ ലോക്ക് ഡൗൺ പിൻവലിക്കാമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. എന്നാൽ പത്തോളം സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ തുടരണം എന്ന നിലപാടാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം ഹോട്ട് സ്പോട്ടുകൾ’ അല്ലാത്ത ഇടങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് നീതി ആയോഗിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
വരുന്ന നാല് ആഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിടുന്നതാകും അഭികാമ്യമെന്നും മതസമ്മേളനങ്ങൾ, ആളുകൾ കൂടുന്ന പൊതുപരിപാടികൾ, യോഗങ്ങൾ എന്നിവയും നിരോധിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല ഉപസമിതി പ്രധാനമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാവും പ്രധാനമന്ത്രി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
Discussion about this post