തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്തെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന മലയാളികൾ അടക്കമുള്ളവർക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗൾഫിൽ ഇന്ത്യൻ എംബസിയുടെ ക്വാറന്റീൻ സൗകര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവാസി മലയാളികളിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മുൻഗണന നൽകും. അല്ലാത്തവർ മെയ് വരെ കാത്തിരിക്കേണ്ടി വരും. 539000 പേരെ പരിശോധിച്ചതായും ഇതിൽ 2000 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതായും യുഎഇ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരെയും ഒരുമിച്ച് നാട്ടിലെത്തിച്ച് ക്വാറന്റീൻ സൗകര്യം എർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും അതിനാലാണ് ഗൾഫിലെ ഇന്ത്യൻ എംബസിയുടെ നിയന്ത്രണത്തിൽ ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ജോർദാനിലെ സിനിമാ സംഘവും മോൾഡോവയിലെ വിദ്യാർഥികളും വിമാനം ചാർട്ടർ ചെയ്ത് എത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുമ്പോൾ എല്ലാവരെയും തിരികെയെത്തിക്കുമെന്നും ഫിലിപ്പീൻസിലും മോൾഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിമാന സര്‍വീസ് ആരംഭിക്കുന്നത് അവസാനം മതിയെന്നാണ് കേരളത്തിന്റെയും ശുപാര്‍ശയെന്നും വിദേശത്ത് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു. വെള്ളിയാഴ്ച കൊച്ചിയിലും ഡൽഹിയിലും മൃതദേഹങ്ങൾ എത്തിക്കുന്നുണ്ടെന്നും ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യപരിശോധനയും അവശ്യമായ ഭക്ഷണ താമസ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post