തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ്-19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പി ആർ കമ്പനിയായ സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. ക്വാറന്റീനിൽ കഴിയുന്നവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുകയാണെന്നും വിവരങ്ങള്‍ സ്പ്രിങ്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റിലാണ് അപ്‌ലോഡ് ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.
സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്കും സെര്‍വറിലേക്കുമാണ് പോകുന്നത്. ഹോം ഐസൊലേഷനിനുള്ളവരുടെ വിവരങ്ങള്‍ നിലവില്‍ വാര്‍ഡുതല സമിതികള്‍ വഴിയാണ് സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനി ശേഖരിക്കുന്നത്. കേരള ഫീല്‍ഡ് കോവിഡ് സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോം എന്ന സൈറ്റിലേക്കാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം പോലും ഈ കമ്പനി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിക്കുന്നു.
പ്രായമായവരുടെയും രോഗവ്യാപനത്തിനു സാധ്യതയുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 41 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ശേഖരിക്കുന്നത്. ഇതില്‍ 17-ാമത്തെ ചോദ്യം വളരെ ഗുരുതരമാണ്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, തൈറോയ്ഡ് തുടങ്ങിയവയാണ് ഈ ചോദ്യത്തിലുള്ളത്. പണം വാങ്ങിയാണെങ്കിലും പണം വാങ്ങിയല്ലാതെയാണ് ചെയ്യുന്നതെങ്കിലും ഇത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ചെന്നിത്തല പറയുന്നു. ഈ ഡേറ്റ കമ്പനി വാണിജ്യ ആവശ്യങ്ങള്‍ക്ക് മറിച്ചു നല്‍കില്ല എന്നതിന് എന്താണുറപ്പെന്നും ചെന്നിത്തല ചോദിക്കുന്നു.
ഈ അമേരിക്കൻ മാർക്കറ്റിംഗ് പി ആർ കമ്പനിയുടെ ഒരു പരസ്യചിത്രത്തില്‍ ഐ.ടി.സെക്രട്ടറി ശിവശങ്കരന്‍ ഐ.എ.എസ്. അഭിനയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്മാറണമെന്നും ഐ.ടി. സെക്രട്ടറിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.











