ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പഞ്ചാബ് പ്രവിശ്യ ആഭ്യന്തര മന്ത്രി ഷുജ ഖാന്‍സാദ, ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഷുജഖാന് സാദയുടെ അറ്റോക്ക് ജില്ലയിലുളള ഷാദിഖാല് ഗ്രാമത്തിലാണ് ചാവേര്‍ ബോംബ് സ്ഫോടനം നടന്നത്. ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കുരയില്‍ എത്തി ചാവേര്‍ പൊട്ടിത്തെറിക്കുക ആയിരുന്നു.
സ്ഫോടനം നടക്കുമ്പോള്‍ ഓഫിസിലുണ്ടായിരുന്ന ഷുജഖാന് സാദയടക്കം നിരവധി പേര് കെട്ടിടം തകര്‍ന്ന് അതിനുള്ളില്‍ കുടുങ്ങുകയും പരിക്കേല്‍ക്കുകയും ചെയ്തതായി നേരത്തെ മകന് സൊഹ്റാബ് ഖാന്‍സാദ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് റിട്ട. കേണല്‍ കൂടിയായ ഷുജ ഖാന്‍സാദ, ഡിഎസ്പി ശൗക്കത്ത് ഷാ എന്നിവര്‍ കൊല്ലപ്പെട്ടെന്ന വിവരം റാവല്‍പിണ്ടി മേഖല കമ്മീഷണറായ സഹീദ് സയീദ് അറിയിച്ചത്.
അതിശക്തമായ സ്ഫോടനത്തില്‍ സമീപത്തുളള വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കുര തകരുകയും, ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിനകത്ത് ഇനിയും ധാരാളം പേര് കുടുങ്ങി കിടപ്പുണ്ടാകുമെന്നും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Discussion about this post