ബീജിംഗ്: ചൈനയിൽ കൊറോണയുടെ രണ്ടാം വരവെന്ന ആശങ്ക പടർത്തി പുതിയതായി 99 കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഉണ്ടായ ഈ വർദ്ധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ വിലയിരുത്തുന്നു. പുതിയ രോഗബാധിതരിൽ 63 പേരിലും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ഭയപ്പെടുത്തുന്ന വസ്തുത. ഇതോടെ ചൈനയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 82,052 ആയി.
പുതിയതായി റിപ്പോർട്ട് ചെയ്ത 99 കേസുകളിൽ 97 എണ്ണവും ചൈനയ്‍ക്ക് പുറത്തുനിന്ന് വന്നവരിൽ നിന്നാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്ത 63 പേരിൽ 12 പേരും ഇങ്ങനെ എത്തിയവരാണ്. ചൈനയ്‍ക്ക് പുറത്തുനിന്ന് വന്നവരിൽ നിന്നായി 1,280 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരിൽ 36 പേരുടെ സ്ഥിതി ഗുരുതരമാണ്.
ചൈനയിൽ രോഗബാധ സ്ഥിരീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്ത 1,086 പേരിൽ 322 പേർ വിദേശികളാണ്. വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തെ നിരീക്ഷണത്തിൽ താമസിപ്പിച്ചതിന് ശേഷമാണ് നിലവിൽ വീടുകളിൽ പോകാൻ അനുവദിക്കുന്നത്. എന്നിട്ടും രോഗലക്ഷണങ്ങൾ പ്രകടമാകാത്തവർ രോഗവാഹകരായി രോഗവ്യാപനത്തിന് കാരണമാകുന്നത് ചൈനയെ മാത്രമല്ല ലോകത്തെയാകെ ആശങ്കപ്പെടുത്തുന്നതാണ്. കൊവിഡ് ബാധയുടെ ഈറ്റില്ലമായ ചൈനയിൽ ഇതുവരെ 3,339 പേരാണ് രോഗം ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്.
Discussion about this post