വർക്കല: സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ സാനിറ്റൈസർ ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന ആൾ പിടിയിൽ. വര്‍ക്കല യൂഡി ഓഡിറ്റോറിയതിനു സമീപം സജീന മന്‍സിലില്‍ സജിന്‍(37) ആണ് പിടിയിലായത്. വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ ബൈക്കില്‍ കറങ്ങി ലിറ്റര്‍ കണക്കിനു വ്യാജമദ്യം ഇയാള്‍ വിറ്റഴിച്ചതായി പോലീസ് പറയുന്നു.
മദ്യപിച്ചു വാഹനമോടിച്ച ചെറുന്നിയൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ബൈക്കില്‍ കറങ്ങി നടന്ന് കഴുത്തില്‍ ഐ.ഡി. കാര്‍ഡും ബാഗും തൂക്കിയിട്ടു വന്നയാളാണ് ഒരു ലിറ്ററിന് 1600 രൂപ നിരക്കില്‍ മദ്യം നല്‍കിയതെന്നു പറഞ്ഞു.
ചപ്പാത്തി എന്ന കോഡിലാണ് ഇയാൾ മദ്യം വിറ്റിരുന്നത്. പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ 1600 രൂപ തന്നാല്‍ ചപ്പാത്തി നല്‍കാമെന്ന് പറഞ്ഞു. മഫ്തിയിലെത്തിയ പോലീസില്‍നിന്ന് 1600 രൂപ കൈപ്പറ്റി മദ്യം നല്‍കുന്നതിനിടെ സജിൻ പിടിയിലാകുകയായിരുന്നു.
ഇയാളിൽ നിന്ന് മൂന്നു കുപ്പി മദ്യം പൊലീസ് പിടിച്ചെടുത്തു. വീഡിയോഗ്രാഫറുടെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചും സന്നദ്ധ പ്രവര്‍ത്തകനായി ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ മറവിലുമാണ് ഇയാൾ കറങ്ങി നടന്നിരുന്നത്. മുഖം തിരിച്ചറിയാതിരിക്കാന്‍ മാസ്‌ക് ധരിച്ചാണ് ഇയാള്‍ മദ്യം വിതരണംചെയ്തിരുന്നത്.
പ്രതിദിനം മുപ്പതോളം കുപ്പി മദ്യമാണ് സജിൻ വിറ്റിരുന്നത്. മെഡിക്കല്‍ ഷോപ്പില്‍നിന്ന് ഈഥൈല്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിറ്റൈസര്‍ അളവില്‍ കൂടുതല്‍ വാങ്ങി അതില്‍ വിദേശമദ്യവും ജീരകവെള്ളവും ചേര്‍ത്ത് ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചായിരുന്നു വിൽപ്പന. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.












