റോം: മൂന്ന് ആഴ്ചയ്ക്കിടയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറവ് കൊറോണ മരണം കഴിഞ്ഞ ദിവസം ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയതു. 431 കൊറോണ മരണമാണ് ഇറ്റലിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
മാര്‍ച്ച് 19 മുതലുള്ള കണക്കു പരിശോധിച്ചാല്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. ലോകത്തെ കൊറോണ ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ 19,899 മരണവുമായി അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് യൂറോപ്യന്‍ രാജ്യമായ ഇറ്റലിയുടെ സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,984 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,56,363 ആയി.
രാജ്യത്തെ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും 20 മുതല്‍ 25 ദിവസക്കാലയളവില്‍ ഈ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ട് കൊണ്ടിരിക്കുമെന്നും അതിനുശേഷം മാത്രമേ രോഗികളുടെ എണ്ണം കുത്തനെ കുറയുകയുള്ളുവെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 34,211 പേര്‍ക്ക് ഇറ്റലിയില്‍ രോഗം ഭേദമായിട്ടുണ്ട്.
അതേസമയം, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 23,000 പേര്‍ക്ക് പൊലീസ് പിഴ ചുമത്തി. ഈസ്റ്റര്‍ പ്രമാണിച്ച് റോഡുകളില്‍ പൊലീസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
Discussion about this post