മുംബൈയിലെ ബാന്ദ്രയിൽ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച, നൂറുകണക്കിന് ജനങ്ങൾ തിങ്ങിക്കൂടിയത് തെറ്റിദ്ധാരണകളും കുപ്രചരണങ്ങളും മൂലമാണെന്ന് പ്രാദേശിക പത്രങ്ങളും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ കൂട്ടം കൂടിയതിനു പുറകിൽ നിരവധി കാരണങ്ങളുണ്ട്. പ്രധാനമായും ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടുണ്ടെന്നുള്ള കുപ്രചരണമാണ് ഇതിനു കാരണം. അനുവദിക്കപ്പെട്ട പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റുകൾ ബാന്ദ്ര സ്റ്റേഷനിൽ ലഭിക്കുമെന്നായിരുന്നു ജനങ്ങൾക്കിടയിൽ ആരോ പറഞ്ഞു പരത്തിയത്. തിങ്ങിക്കൂടിയ ജനങ്ങളിൽ പലരും ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ബീഹാറിലേക്കും യു.പിയിലേക്കും സെൻട്രൽ ലൈനിൽ നിന്നാണ് ട്രെയിനുകൾ ഓടുന്നത്. എന്നാൽ ബാന്ദ്ര, വെസ്റ്റേൺ ലൈനിന്റെ ഭാഗമാണ്. മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലേക്ക് ഇവിടുന്ന് ഒരു ട്രെയിനുകളും സർവീസ് നടത്തുന്നില്ല. ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ സംഘടനകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളായി കുറഞ്ഞു വരികയാണ്. ദിവസവേതന ക്കാർക്ക് സ്വന്തം നാട്ടിലേക്ക് പോകാൻ ഇതും ഒരു പ്രധാന കാരണമായി.സ്കൂളുകളിൽ കുട്ടികളെ സർക്കാർ തന്നെ അടുത്ത ക്ലാസ്സുകളിലേക്ക് ജയിപ്പിക്കുമെന്നും ആരോ പറഞ്ഞു പരത്തിയിരുന്നു.
സ്റ്റേഷനു പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ നശിപ്പിക്കപ്പെട്ടത് ഇക്കൂട്ടത്തിൽ സാമൂഹികവിരുദ്ധർ കടന്നുകൂടിയിട്ടുണ്ട് എന്നുള്ളതിന് തെളിവാണ്. ബാന്ദ്രയിലെ പോലെ സമാന സംഭവം ഡൽഹിയിൽ ആനന്ദ് വിഹാറിൽ നടന്നിരുന്നു. സ്വദേശത്തേക്ക് മടങ്ങാൻ അവിടെയെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ കൈകളിലെല്ലാം ലഗേജ് ഉണ്ടായിരുന്നു.എന്നാൽ, ബാന്ദ്രയിൽ തടിച്ചു കൂടിയ മഹാഭൂരിപക്ഷം ആളുകളുടെ കൈയിലും ഒരു ബാഗ് പോലും ഉണ്ടായിരുന്നില്ലെന്നത് ഒരു ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും പത്രങ്ങൾ പറയുന്നു.











