ജമ്മു: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന്‍ പ്രകോപനപരമായി ഷെല്‍ ആക്രമണം തുടരുന്നു. ജമ്മു കാഷ്മീരിലെ പൂഞ്ചിലെ ജനവാസ മേഖലയില്‍ പാക് സൈന്യം ഇന്നു പുലര്‍ച്ചെയും ഷെല്ലാക്രമണം നടത്തി.
പൂഞ്ച് ജില്ലയിലെ സുജിയാന്‍, മാന്‍ഡി തുടങ്ങിയ ഗ്രാമങ്ങളിലാണ് പാക് ഷെല്ലാക്രമണം നടന്നതെന്നു ലെഫ്. കേണല്‍ മനീഷ് മേത്ത അറിയിച്ചു.
കഴിഞ്ഞ ദിവസം പുഞ്ച് സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ 6 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.. 23 പേര്‍ക്ക് പരിക്കേറ്റു. സ്വാതന്ത്ര്യദിനത്തില്‍ 3 തവണ പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.
സ്വതന്ത്ര്യ ദിനത്തില്‍ സന്തോഷം കൈമാറേണ്ട സ്ഥാനത്ത് ഇരുരാജ്യങ്ങളും കൈമാറിയത് വെടിയുണ്ടകളും മോര്‍ട്ടാര്‍ ഷെല്ലുകളുമായിരുന്നു. പ്രകോപനമൊന്നും കൂടാതെ മൂന്ന് തവണയാണ് പാക് സൈന്യം ഇന്ത്യന്‍ സൈനീക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇന്നത്തേതടക്കം ഈ മാസം 33 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്.
അതേസമയം, വെടിവയ്പ് തുടര്‍ന്നാല്‍ പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. രണ്ടോ മൂന്നോ മടങ്ങു ശക്തിയാര്‍ന്നതായിരിക്കും ഞങ്ങള്‍ നല്‍കുന്ന മറുപടി. നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ എന്തൊക്കെയാണ് മാര്‍ഗങ്ങളെന്നു പറയാനാകില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.
പാക്ക് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബസിതിനെ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി ഇന്ത്യ അമര്‍ഷവും പ്രതിഷേധവുമറിയിച്ചത്.അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും തകര്‍ക്കുന്ന പ്രവൃത്തികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാന്‍ നടപടി വേണമെന്ന് പാക്ക് ഭരണകൂടത്തോട് ഇന്ത്യ ആവശ്യപ്പെട്ടു.
എന്നാല്‍ ഇന്ത്യയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതെന്നാണു പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബസിത് മറുപടി പറഞ്ഞത്. ഇന്ത്യ 70 തവണ കരാര്‍ ലംഘിച്ച് പാക്ക് പ്രദേശത്തേക്ക് ആക്രമണം നടത്തിയെന്നാണു പാക്ക് വാദം. ജൂലൈയിലും ഓഗസ്റ്റിലുമായി ഇന്ത്യ എഴുപതോളം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അതിര്‍ത്തിയില്‍ നടത്തി. ഞങ്ങള്‍ തീര്‍ച്ചയായും ഇതേപ്പറ്റി വളരെ ശ്രദ്ധാലുക്കളാണ് എന്നും ബസിത് പറഞ്ഞു.
ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഈമാസം 23നു കൂടിക്കാണാനിരിക്കെയാണ് പാക്ക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നത്.എന്നാല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച ഒഴിവാക്കാന്‍ ഉദ്ദേശമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Discussion about this post