വാഹന നിർമാണ മേഖലയിലെ അഗ്രഗണ്യരായ മഹീന്ദ്രയുടെ കയ്യൊപ്പു പതിയുന്നത് ഇനി മുതൽ ജീവൻ രക്ഷാ ഉപകരണങ്ങളിലും.വാഹനങ്ങൾ പിറന്നു വീണിരുന്ന നിർമ്മാണശാലകളിൽ ഇപ്പോൾ നിർമിക്കുന്നത് ജീവൻ രക്ഷാ ഉപകരണങ്ങളാണ്. വെന്റിലേറ്ററുകളും,ഫേസ് ഷീൽഡുകളും,മാസ്‌ക്കുകളും,ഹാൻഡ് സാനിറ്റൈസറുകളുമൊക്കെ നിർമിച്ചു കൊണ്ടാണ് മഹീന്ദ്ര ഈ കൊറോണ കാലത്ത് ജനഹൃദയങ്ങൾക്ക് പ്രിയപ്പെട്ടതാവുന്നത്.ഏപ്രിലിലെ ഇതുവരെയുള്ള കണക്കുകളനുസരിച്ച് 80,000 ഫേസ്ഷീൽഡുകൾ മഹീന്ദ്ര ഇതുവരെ വിതരണം ചെയ്‌തു കഴിഞ്ഞു.ഇവരുടെ ഈ നീക്കത്തിന് ആരോഗ്യ പ്രവർത്തകരുടെ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.മാർച്ച് 30 നാണ് രാജ്യം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്കായി ഫേസ് ഷീൽഡുകളുടെ നിർമാണം മഹീന്ദ്ര ആരംഭിച്ചത്.നിർമാണം ആരംഭിച്ച് 17 ദിവസങ്ങൾക്കുള്ളിൽ തന്നെ 80,000 ഷീൽഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞൂ എന്നത് മഹീന്ദ്രയുടെ വളരെ വലിയൊരു നേട്ടം തന്നെയാണ്.
മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റിലാണ് ഫേസ്ഷീൽഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.മഹീന്ദ്രയുടെ പ്ലാന്റിൽ ഒരുങ്ങുന്നത് വളരെ ലളിതമായ ഡിസൈനിലുള്ള ഷീൽഡുകളായതിനാൽ, അവയുടെ നിർമാണ പ്രക്രിയ എളുപ്പവുമാണ്. അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിൽ നിന്നുമാണ് മഹീന്ദ്ര ഈ ഷീൽഡുകളുടെ രൂപകൽപ്പന സ്വന്തമാക്കിയത്.മഹീന്ദ്രയുടെ വെന്റിലേറ്റർ നിർമാണത്തിലും നല്ല പുരോഗതിയുണ്ട്.എയർ100,ആംബു ബാഗ് എന്നൊക്കെയാണ് വെന്റിലേറ്ററുകൾക്ക് പേരിട്ടിരിക്കുന്നത്.മാതൃകയിൽ നല്കിയതിനെക്കാളും കൂടുതൽ ഫീച്ചറുകൾ ഇവയുടെ പ്രേത്യേകതയാണ്.വെന്റിലേറ്റർ നിർമിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ജീവനക്കാർ അതിന്റെ മാതൃക പുറത്തിറക്കുകയായിരുന്നു.നിലവിൽ 10 ലക്ഷം രൂപയെങ്കിലും ഒരു വെന്റിലേറ്ററിനു വില വരുന്നിടത്തു വെറും 7500 രൂപക്കാണ് മഹീന്ദ്ര വെന്റിലേറ്ററുകൾ നിർമിച്ചു നല്കുന്നത്.
Discussion about this post