ഷോപിയാൻ: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് റോഡിൽ പരിശോധന നടത്തുന്ന പൊലീസ് സംഘത്തെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരർ പിടിയിൽ. ജമ്മു കശ്മീരിലെ ഷോപിയാനിൽ പൊലീസും രാഷ്ട്രീയ റൈഫിൾസും സി ആർ പി എഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്.
വാചിയിലെ പൊലീസ് പരിശോധന സംഘത്തിന് നേർക്ക് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് വാചി പെട്രോൾ പമ്പിന് സമീപം പൊലീസും സൈന്യവും സംയുക്തമായി മിന്നൽ പരിശോധന നടത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും തന്ത്രപരമായി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ സൈന്യവും പൊലീസും ചേർന്ന് സമർത്ഥമായി പിടികൂടുകയായിരുന്നുവെന്ന് ഷോപിയാൻ പൊലീസ് അറിയിച്ചു.
പിടിയിലായ ഭീകരരിൽ നിന്നും ഒരു പിസ്റ്റളും രണ്ട് ഗ്രനേഡുകളും കണ്ടെടുത്തു. ഇവർക്കെതിരെ എഫ് ഐ ആർ തയ്യാറാക്കിയതായും കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് വ്യക്തമാക്കി.
Discussion about this post