ഡൽഹി: കേരളം ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ തുറക്കാനോ, ബാർബർ ഷാപ്പുകൾ പ്രവർത്തിപ്പിക്കാനോ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഇത്തരം ഇളവുകൾ നൽകുന്നത് രോഗം നിയന്ത്രണ വിധേയമായ ഇടത്ത് വീണ്ടും രോഗം പടരുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതേസമയം രോഗ പ്രതിരോധ രംഗത്തെ കേരളത്തിന്റെ മികവിനെ കേന്ദ്രസർക്കാർ പ്രശംസിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്‍റെ ഇടവേള 7.5 ദിവസമാണെങ്കിൽ കേരളത്തിലിത് 72.2 ദിവസമാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം കേരളത്തിൽ കൂടുകയും ചെയ്യുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതൊക്കെയാണെങ്കിലും കൊവിഡ് ലോക്ക്ഡൗൺ സംബന്ധിച്ചുള്ള ചട്ടങ്ങൾ എല്ലാ സംസ്ഥാനങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതിയുടെ മാർഗനിർദേശമുള്ളതാണെന്ന് കേന്ദ്രം ഓർമ്മിപ്പിച്ചു. അത് പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥരാണ്. അതല്ലെങ്കിൽ രാജ്യത്തെ ആരോഗ്യസംവിധാനത്തിന് തന്നെ ഇത് വലിയ ഭീഷണിയാകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന്‍റെ ഇടവേള കൂടി വരുന്നത് നല്ല ലക്ഷണമാണെന്ന് കേന്ദ്രം വ്യക്തമാക്കി. ലോക്ക് ഡൗണിന് മുമ്പ് രോഗം ഇരട്ടിക്കുന്നതിന്‍റെ ഇടവേള 3.5 ദിവസമായിരുന്നു എങ്കിൽ ലോക്ക് ഡൗണിന് ശേഷം ഇത് 7.5 ദിവസമായി കൂടി. ഇത് നല്ല ലക്ഷണമാണ്. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ ശതമാനം 14.75% ആയി കൂടിയെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനകം 553 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ രോഗബാധിതരുടെ എണ്ണം 7,265 ആയി. 24 മണിക്കൂറിൽ മരിച്ചത് 36 പേരാണ്. ആകെ മരണസംഖ്യ 543 ആയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Discussion about this post