ലക്നൗ: പൂവാലന്മാരില്നിന്നു പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ, മര്‍ദനമേറ്റു കരസേന ജവാന് മീററ്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് .സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നു സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
416 എന്‍ജിനിയറിംഗ് ബ്രിഗേഡിലെ ലാന്‍സ് നായിക് വേദ്മിത്ര ചൗധരിയെ(35)യാണു മൂന്നുപേര്‍ ചേര്‍ന്നു മര്‍ദിച്ചു കൊലപ്പെടുത്തിയത്. റോഹ്തക് റോഡിലെ ഹര്ദേവ്നഗര് മില്‍മാ ബൂത്തില്‍നിന്നു പാല് വാങ്ങാന്‍ എത്തിയതായിരുന്നു ചൗധരി. മില്‍മാ ബൂത്ത് ഉടമയുടെ മകളെ മൂന്നുപേര്‍ ചേര്‍ന്നു ശല്യം ചെയ്യുന്നത് ചൗധരി ചോദ്യം ചെയ്തപ്പോള്‍ മര്‍ദനമേല്‍ക്കുകയായിരുന്നു. ആകാശ് സെയ്നി എന്ന യുവാവും സംഘവുമാണ് നായികിനെ ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ജവാനെ ഗോപാല്‍ വിഹാര്‍ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ചൗധരിക്ക് ഭാര്യയും രണ്ടുകുട്ടികളുമുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മരിച്ച ജവാന്റെ കുടുംബത്തിനു 10ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post