കൊച്ചി : രാജ്യസുരക്ഷയെ നേരിട്ടു ബാധിക്കുന്ന സംഭവങ്ങളില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ ദേശീയ അന്വേഷണ ഏജന്‍സിയെ സഹകരിപ്പിക്കാന്‍ കേരള പൊലീസ് തീരുമാനിച്ചു. ഇത്തരം കേസുകളില്‍ തുടക്കം മുതല്‍ ബന്ധപ്പെട്ട വിവരങ്ങള്‍ കേരള പൊലീസ് എന്‍ഐഎയുമായി പങ്കുവയ്ക്കും. കേസ് ഔദ്യോഗികമായി എന്‍ഐഎക്കു കൈമാറുമ്പോഴേക്കും തെളിവുകള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു നടപടി.
പാക്കിസ്ഥാന്, ഇറാന് പൗരന്മാരുമായി മല്‍സ്യബന്ധന കപ്പല്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച സംഭവത്തില്‍ അന്വേഷണത്തിലെ ആശയക്കുഴപ്പം എന്‍ഐഎയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍പോലും എന്‍ഐഎക്കു കഴിഞ്ഞിരുന്നില്ല. പ്രതികളോടു സംസാരിക്കാനുള്ള ഭാഷാ തടസം കാരണം കേരള പൊലീസിന്റെ ചോദ്യം ചെയ്യലും ഫലപ്രദമായിരുന്നില്ല. ജയിലിനുള്ളില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ പേര്‍ഷ്യന്‍ ഭാഷാ വിദഗ്ധരുടെ സഹായം എന്‍ഐഎ തേടിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുതല്‍ എന്‍ഐഎയുടെ അനൗദ്യോഗിക സഹകരണം കേരള പൊലീസ് ഉറപ്പാക്കും. ഇക്കാര്യം സംബന്ധിച്ചു കേരള പൊലീസിന്റെ ഉന്നത അധികാരികളും എന്‍ഐഎ ഉദ്യോഗസ്ഥരും ആശയ വിനിമയം നടത്തും.
രാജ്യത്തെ ഏതു കേസും എന്‍ഐഎ ഏറ്റെടുക്കുമ്പോള്‍ അതു പുതിയ കേസായി റജിസ്റ്റര്‍ ചെയ്തു പ്രതികളെ റിമാന്‍ഡ് ചെയ്യാനുള്ള നിയമനിര്‍മാണം നടത്തണമെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. കേസ് പുതുതായി റജിസ്റ്റര്‍ ചെയ്താല്‍ ആദ്യ റിമാന്‍ഡ് കാലാവധിയില്‍ തന്നെ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎക്കു കഴിയും.
Discussion about this post