തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ലോക്ക്ഡൗൺ ലംഘിച്ചതായി പരാതി. കഴിഞ്ഞ ദിവസം പോത്തൻകോട് സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ലോക്ക് ഡൗൺ ലംഘിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ പോലും ഒരുക്കാതെ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടികളുടെ സ്വകാര്യ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങിയ പരിപാടിയാണ് വിവാദമായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.
പരിപാടിയിൽ ലോക്ക് ഡൗൺ നിയമവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളും ലംഘിച്ച് ആളുകൾ പങ്കെടുത്തത് വിവാദമായിരുന്നു. പരിധിക്ക് പുറത്തുള്ള കുട്ടികളേപ്പോലും സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ചടങ്ങിൽ പങ്കെടുപ്പിച്ചെന്നും ആരോപണം ഉയരുന്നു. ഈ ചടങ്ങിൽ ശമ്പളം കട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് മന്ത്രി അധ്യാപകർക്കെതിരെ രൂക്ഷമായ ഭാഷ പ്രയോഗിച്ചതും വിവാദമായിട്ടുണ്ട്.











