തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും മറ്റ് ജില്ലകളിൽ ഇന്ന് മാത്രവുമാണ് യെല്ലോ അലേർട്ട്.
ഒറ്റപെട്ട സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 30 മുതൽ മേയ് 4 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ പെട്ടെന്ന് വീശിയടിക്കുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.










